Sat. Jan 18th, 2025
കൊച്ചി:

മുൻ വർഷമുണ്ടായ പ്രളയത്തില്‍ ധനസഹായത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക്, ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ ദുരിതം വിതച്ച പ്രളയത്തിൽ ഒട്ടേറെ പേർ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളവരാണ്. എന്നാൽ, അധികംപേർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ്, ഇവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നഷ്ടപരിഹാരത്തിന് തങ്ങൾ അർഹരാണെന്ന് അപേക്ഷിച്ചവരിൽ, യോഗ്യരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ ഓണത്തിന് ശേഷം ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ ആവശ്യം. പ്രളയവുമായി ബന്ധപ്പെട്ട വിവിധ തരം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം, എത്രപേര്‍ക്കാണ് സർക്കാർ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളതെന്ന്, കോടതി ആരാഞ്ഞു. അപ്പീല്‍ അനുവദിച്ചിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഒപ്പം, പുതിയതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുകകൂടിചെയ്യണം കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *