അജ്മാന്‍:
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യു.എ.ഇ.യിലെ അജ്മാനിലുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പാളി. കോടതിക്കകത്തും പുറത്തും വെച്ച് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തുഷാറിന്റെ കടും പിടുത്തത്തെ തുടര്‍ന്നാണ് ഫലം കാണാതെ പോയത്. പണം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമമാണ് തുഷാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടി രൂപ)വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതായാണ് തുഷാറിനെതിരെയുള്ള കേസ്. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍.
ചെക്കു കേസില്‍ അജ്മാനില്‍ വെച്ച് അറസ്റ്റിലായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി അടുത്ത ദിവസം തന്നെ ജാമ്യത്തിലിറങ്ങിയെങ്കിലും കേസ് അവസാനിക്കാതെ യു.എ.ഇ വിട്ടു പോകാന്‍ കഴിയില്ല. അതിനാല്‍ എത്രയും വേഗം കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തിങ്കളാഴ്ച അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു. വിവരങ്ങളുടെയും തെളിവുകളുടെയും ശേഖരണമാണ് നടന്നത്. നാസില്‍ അബ്ദുള്ള തന്റെ ചെക്ക് മോഷ്ടിച്ചതാണ് എന്നായിരുന്നു തുഷാര്‍ കോടതിയില്‍ ഉന്നയിച്ച ആരോപണം. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് മോഷണ സമയത്ത് പരാതി നല്‍കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ചെക്ക് മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പ്രത്യേകം പരാതി നല്‍കണമെന്നു പറഞ്ഞ പ്രോസിക്യൂട്ടര്‍ ഇത്തരം വാദങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
എതിര്‍ വാദങ്ങളും ആരോപണങ്ങളും ഉന്നയിച്ച് പുകമറയുണ്ടാക്കി രക്ഷപ്പെടുന്ന തുഷാറിന്റെ അടവുകളൊന്നും ഈ കേസില്‍ യു.എ.ഇയില്‍ വിലപ്പോയില്ല. കേരളത്തിലെ അഭിഭാഷകര്‍ സാധാരണയായി പറഞ്ഞു കൊടുക്കാറുള്ള സൂത്രങ്ങളാണ് തുഷാര്‍ പുറത്തിറക്കാന്‍ ശ്രമിച്ചത്.
കേസുകള്‍ നീട്ടിക്കൊണ്ടു പോകാതെ വളരെ വേഗം തീര്‍പ്പാക്കുക എന്നതാണ് യു.എ.യിലെ കോടതികളുടെ രീതി. ഒത്തുതീര്‍പ്പിലെത്താവുന്ന കേസുകളില്‍ ഒത്തുതീര്‍പ്പിനും കോടതി അവസരം നല്‍കും. തന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് തയ്യാറാണോയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ഇരുവരും ഒത്തു തീര്‍പ്പിന് തയ്യാറായി.
തനിക്ക് കിട്ടാനുള്ള 19 കോടി രൂപ കിട്ടിയാല്‍ കേസ് പിന്‍വലിക്കാമെന്ന് നാസില്‍ അബ്ദുള്ള പ്രോസിക്യൂട്ടറെ അറിയിച്ചു. എന്നാല്‍ നാസിലിന് നല്‍കാനുള്ള തുകയ്ക്കു പകരം ചെറിയൊരു തുക നല്‍കി കേസ് അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു തുഷാറിന്റേത്. തുഷാര്‍ വാഗ്ദാനം ചെയ്ത തുക കുറവാണെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുള്ള അറിയിച്ചു. ഇതോടെ അജ്മാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ഇതിനിടെ കോടതിക്കു പുറത്ത് സമാന്തരമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടരുന്നുണ്ട്. നാസിലിന്റെയും തുഷാറിന്റെയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച നടക്കുന്നത്. തനിക്കു കിട്ടാനുള്ള പത്തൊമ്പത് കോടി രൂപ മുഴുവനും കിട്ടിയാല്‍ മാത്രമേ പരാതി പിന്‍വലിക്കൂ എന്ന നിലപാടില്‍ തന്നെയാണ് നാസില്‍.
12 വര്‍ഷം മുമ്പ് തുഷാര്‍ വെള്ളാപ്പള്ളി നല്‍കിയ വണ്ടിച്ചെക്കിന്റെ പേരില്‍ എട്ടു മാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് നാസില്‍. കരാര്‍ ജോലികള്‍ ഏറ്റെടുത്തതിന് തുഷാറില്‍ നിന്നും കിട്ടേണ്ടിയിരുന്ന പണം കിട്ടാത്തതുമൂലം കടക്കാരനായി തീര്‍ന്ന നാസിലിന് നാട്ടിലേക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
കേസ് നടപടികള്‍ നീണ്ടു പോയാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് അനിശ്ചിതമായി യു.എ.ഇ.യില്‍ തന്നെ തങ്ങേണ്ടിവരും. അറസ്റ്റിലായ തുഷാറിനെ ഒരു ദിവസം കൊണ്ട് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച ബി.ജെ.പിക്കും, കേരള സര്‍ക്കാരിനും, യൂസഫലിക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വഞ്ചനാ കുറ്റം അത്ര നിസാരമായല്ല യു.എ.ഇ ഗവണ്‍മെന്റ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കോടതിക്കു പുറത്തൊരു ഒത്തുതീര്‍പ്പിന് വഴങ്ങുക എന്നതല്ലാതെ വേറെ മാര്‍ഗമില്ല.
വൈകാതെ തന്നെ തുഷാര്‍ പണം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ തയ്യാറാകും എന്നു തന്നെയാണ് നാസിലും പ്രതീക്ഷിക്കുന്നത്. ഇതിനിടെ രണ്ടു ദിവസത്തിനു ശേഷം ഇരുവരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ട്. പണവും അധികാര സ്ഥാനങ്ങളിലും രാഷ്ട്രീയത്തിലും ബന്ധവുമുണ്ടെങ്കില്‍ ആരോടും എന്തുമാകാമെന്ന തുഷാറിന്റെ ധാര്‍ഷ്ട്യത്തിനുള്ള ചെറിയൊരു തിരിച്ചടിയാണ് ഈ വണ്ടിച്ചക്ക് കേസ്.