Thu. Apr 25th, 2024
മലപ്പുറം:

നിലമ്പൂരിനു സമീപം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി തുടരുന്ന തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. സര്‍വകക്ഷി യോഗമാണ് കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് താല്കാലികമായി തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.

ഏതാനും ദിവസങ്ങളായി മഴ തുടര്‍ന്നു പെയ്യുന്നതിനാല്‍ മലയിടിഞ്ഞുവന്ന മണ്ണ് ചെളിയായി രൂപപ്പെട്ടിരിക്കുകയാണ്. അതിനാല്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തിരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. ദുരന്തമുണ്ടായി 17 ദിവസത്തോളം കഴിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. കണ്ടെത്താന്‍ കഴിഞ്ഞാലും മൃതദേഹം തിരിച്ചറിയുന്നതിനും വളരെ ബുദ്ധിമുട്ടുണ്ടാകുമെന്നും യോഗം വിലയിരുത്തി. അതേസമയം ചെളിമാറിയാല്‍ വീണ്ടും പരിശോധന നടത്താമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

59 പേരെ കാണാതായ കവളപ്പാറ ദുരന്തത്തില്‍ ഇതുവരെ നടത്തിയ തിരച്ചിലില്‍ 48 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആഗസ്റ്റ് എട്ടിനുണ്ടായ ദുരന്തത്തില്‍ പതിനൊന്നു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തിരച്ചില്‍ ഫലം കാണാത്തതിനാല്‍ ബാക്കിയുള്ള 11 പേരെയും മരിച്ചവരായി കണക്കാക്കും. അവരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവു വഴി നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയതായി ജില്ലാകളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്ഥലവും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലംവാങ്ങാനായി ആറുലക്ഷം രൂപയും വീടുവെക്കാന്‍ നാലു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കും. ഓരോരുത്തര്‍ക്കും സ്വന്തം നിലയില്‍ തന്നെ ഭൂമി കണ്ടെത്തി വാങ്ങാവുന്നതാണെന്നും യോഗത്തില്‍ ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. അവര്‍ക്ക് മൊത്തം 12 ലക്ഷം രൂപയാണ് നല്‍കുന്നത്.

കാണാതായവരുടെ പേരിലുള്ള ഭൂമിയോ, മറ്റു രേഖകളോ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ തര്‍ക്കങ്ങളില്ലാതെ പരിഹരിക്കും. കണ്ടെത്താന്‍ കഴിയാത്ത 11 പേരും ഉരുള്‍പൊട്ടലുണ്ടായ സമയത്ത് സ്ഥലത്തുണ്ടായിരുന്നു എന്നും മണ്ണിടിച്ചിലില്‍ കുടുങ്ങിയതാണെന്നുമുള്ള ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയാണ് മരണം സ്ഥിരീകരിക്കുന്നത്. റവന്യൂ അധികൃതരും, പോലീസും ഇതിനാവശ്യമുള്ള രേഖകള്‍ നല്‍കും.

മണ്ണിടിച്ചിലുണ്ടായ പ്രദേശം ഇനി വാസയോഗ്യമാണോ എന്ന് ജിയോളജി വിഭാഗം നടത്തിവരുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കും. പോത്തുകല്ല് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ക്കൊപ്പം കാണാതായവരുടെ ബന്ധുക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *