ന്യൂഡല്‍ഹി :
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി. മോഷണം നടത്തിയ വിരുതന്‍ കേന്ദ്രമന്ത്രിമാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടേതുള്‍പ്പെടെ പത്തോളം ഫോണുകള്‍ ചടങ്ങിനിടെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്ന നിഗംബോധ് ഗഡിലായിരുന്നു സംഭവം. ദുഖം നിറഞ്ഞുനിന്ന സംസ്‌കാരചടങ്ങ് വിരുതനായ കള്ളന്‍ സുവര്‍ണാവസരമാക്കി മാറ്റുകയായിരുന്നു.
തിരക്കേറിയ സമയത്താണ് പോക്കറ്റടി നടന്നതെന്നും ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഓരോരുത്തരുടെ ഫോണുകള്‍ വീതം നഷ്ടപ്പെട്ടു കൊണ്ടിരുന്നതായും ബാബുല്‍ സുപ്രിയോ പറഞ്ഞു. സുപ്രിയോയുടെ സെക്രട്ടറി ധര്‍മേന്ദ്ര കൗശലിന്റെ ഫോണും നഷ്ടമായതില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നു പറയുന്ന മന്ത്രി ഹാളില്‍ കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കേണ്ടതായിരുന്നു എന്നും ചൂണ്ടിക്കാട്ടി. എന്തായാലും ഒരുകലാകാരനെന്ന നിലയില്‍ പോക്കറ്റടിക്കാരനെ താന്‍ അഭിനന്ദിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
രണ്ടു മന്ത്രിമാരും സെക്രട്ടറിയും കൂടാതെ മറ്റു രണ്ടു പേര്‍ കൂടി ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടുണ്ട്. സംസ്‌കാര ചടങ്ങിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി അഞ്ച് പരാതികള്‍ ലഭിച്ചിട്ടുള്ളതായി ദില്ലി പൊലീസ് അഡീഷണല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അനില്‍ മിത്തല്‍ സ്ഥിരീകരിച്ചു. പതിവായി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കുറ്റവാളിയെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി.
തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി പതഞ്ജലി കമ്പനി വക്താവ് എസ്.കെ തിജ്രാവാലയും പറഞ്ഞു. ഫോണ്‍ നഷ്ടപ്പെടുന്നതിനു തൊട്ടു മുമ്പായി എടുത്തിരുന്ന ചടങ്ങിന്റെ ഫോട്ടോയും അദ്ദേഹം ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. ഇതിനുശേഷമാണ് തിജരാവാലയുടെ ഫോണ്‍ നഷ്ടപ്പെട്ടത്.