കൊച്ചി:
തീവ്രവാദ ബന്ധമുള്ളതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ വിട്ടയച്ചു. മാടവന സ്വദേശി കൊല്ലിയില്‍ വീട്ടില്‍ റഹീം അബ്ദുള്‍ ഖാദറിനെയാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചത്. റഹീമിന്റെ സുഹൃത്തെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയെയും വിട്ടയച്ചു.
ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തീവ്രവാദ സംഘം നുഴഞ്ഞു കയറിയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതായി വെള്ളിയാഴ്ചയാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. മലയാളി ഉള്‍പ്പെടെയുള്ള ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആറംഗ സംഘം ശ്രീലങ്കയില്‍ നിന്നും തമിഴ് നാട്ടില്‍ എത്തിയതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവരെ സഹായിച്ചത് തൃശൂര്‍ സ്വദേശിയാണെന്നും പിന്നീട് ഇത് റഹിം അബ്ദുള്‍ഖാദര്‍ ആണെന്നും വാര്‍ത്തകള്‍ പുറത്തു വന്നു. വെള്ളിയാഴ്ച രാവിലെ റഹിമിന്റെ മാടവനയിലെ വീട്ടിലും പോലീസ് സംഘം അന്വേഷിച്ചെത്തിയിരുന്നു.
തന്നെ പോലീസ് തെരയുന്നതായി അറിഞ്ഞ റഹിം ഒരു അഭിഭാഷകന്റെ സഹായത്തോടെ കൊച്ചിയിലെ കോടതിയില്‍ ശനിയാഴ്ച കീഴടങ്ങാനായി എത്തിയിരുന്നു. ഈ സമയത്താണ് പോലീസ് റഹിമിനെ കസ്റ്റഡിയിലെടുത്തത്. താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ റഹീം അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചിരുന്നു. ശനിയാഴ്ച ആലുവയിലെ ഗ്യാരേജില്‍ ജോലി ചെയ്യുമ്പോഴാണ് തന്നെ പൊലീസ് തിരയുന്നതായി വിവരം അറിയുന്നത്. തനിക്ക് ഭീകരരുമായി യാതൊരു ബന്ധവുമില്ല. പാക് പൗരനെന്ന് പറയപ്പെടുന്ന അബു ഇല്ലാസിനെ അറിയില്ല. തനിക്കറിയാവുന്ന അബു ഇല്യാസ് ബഹ്റൈന്‍ സ്വദേശിയായ ഇമിഗ്രേഷന്‍ ഓഫീസറാണ്. ശ്രീലങ്കക്കാരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും റഹിം പറഞ്ഞിരുന്നു.
കസ്ററഡിയിലെടുത്ത റഹിമിനെ ശനിയാഴ്ച വൈകിട്ട് ഏഴുമണിവരെ എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. ലഷ്‌കറെ ബന്ധം ആരോപിച്ചാണ് റഹീമിനെ പിടികൂടിയതെങ്കിലും ഇയാള്‍ക്ക് ഇത്തരത്തിലുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്‍.ഐ.എ. സംഘവും, ക്രൈംബ്രാഞ്ചും, തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും രണ്ടുപേരെയും മാറിമാറി ചോദ്യം ചെയ്തു. ഒടുവില്‍ നിരപരാധികളാണെന്നു മനസിലായതിനെ തുടര്‍ന്നാണ് ഇരുവരെയും വിട്ടയച്ചത്. അതേസമയം ഇരുവരും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നാണ് സൂചന.
മൂന്ന് ദിവസം മുന്‍പാണ് റഹീം അബ്ദുള്‍ ഖാദര്‍ ബഹ്റൈനില്‍ നിന്നും കൊച്ചിയിലെത്തിയത്. ഇയാള്‍ക്കൊപ്പം വയനാട് സ്വദേശിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം എന്നാണ് സൂചന. വ്യക്തി വൈരാഗ്യത്ത തുടര്‍ന്ന് ആരെങ്കിലും യുവാവിന്റെ പേര് തീവ്രവാദ കേസിലേക്ക് വലിച്ചിഴച്ചതാകാമെന്നും കരുതുന്നത്. തന്നെ ആരോ കെണിയില്‍ കുടുക്കിയതാണെന്നു തന്നെയാണ് റഹീമും സംശയിക്കുന്നത്. ഈ സംശയം ശനിയാഴ്ച റഹിം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
അതേസമയം രണ്ടു ദിവസം ആധിയിലായിരുന്ന മാടവനയിലെ കൊല്ലിയില്‍ വീടും റഹിമിന്റെ മാതാപിതാക്കളും റഹിമിനെ വിട്ടയച്ചതറിഞ്ഞതോടെ ആശ്വാസത്തിലാണ്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പോയ റഹീം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയതിനു പിന്നാലെയാണ് തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് വേട്ടയാടിയത്.