Sat. Apr 20th, 2024
ന്യൂഡല്‍ഹി:

അശാസ്ത്രീയമായ ജി.എസ്.ടി നികുതിയാണ് ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ഗ്രൂപ്. എക്‌സൈസ് നികുതിയില്‍ നിന്നും നേരത്തേ ഒഴിവാക്കിയിരുന്ന ബിസ്‌കറ്റിന് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതു മുതലാണ് വില്‍പനയില്‍ ഇടിവുണ്ടാകാന്‍ തുടങ്ങിയതെന്ന് പാര്‍ലെ ബിസ്‌കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു.

നികുതിയിലുണ്ടായ വര്‍ധനവ് വില്‍പനയില്‍ ഇടിവുണ്ടാക്കി. ഇത് ഉല്‍പാദനത്തിലും കുറവുണ്ടാക്കി. ഉല്‍പാദനം കുറഞ്ഞാല്‍ അത് കമ്പനിയുടെ നിലനില്‍പു തന്നെ പ്രതിസന്ധിയിലാക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം പാര്‍ലെയിലെ പതിനായിരത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു എന്ന വാര്‍ത്ത കമ്പനി നിഷേധിച്ചു. അതില്‍ യാഥാര്‍ത്ഥ്യമില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത ഊതിപ്പെരുപ്പിച്ചതാണെന്നും മായങ്ക് ഷാ ആരോപിച്ചു.

കമ്പനിയില്‍ ഇതുവരെ ആര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ ബിസ്‌കറ്റിന്റെ വില്‍പനയില്‍ കുറവുണ്ടായതു മൂലം ഉല്പാദനം കുറച്ചിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന അതേ രീതിയില്‍ ഉല്പാദനം നടന്നില്ലെങ്കില്‍ നിലവിലുള്ള ജോലിക്കാരെ മുഴുവന്‍ നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മായങ്ക് ഷാ പറഞ്ഞു.

അതുകൊണ്ടു തന്നെ ബിസ്‌കറ്റിന് ന്യായമായ നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തെകുറിച്ചാണ് അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിസ്‌ക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 18 ശതമാനം നികുതി വളരെ കൂടുതലാണ്. ഉയര്‍ന്ന നികുതി കൊടുക്കേണ്ടി വന്നതോടെ അഞ്ച് രൂപയുടെ പാക്കറ്റിലുള്ള ബിസ്‌ക്കറ്റിനു പോലും വില്‍പന ഇടിഞ്ഞു. കമ്പനിയുടെ മറ്റൊരു ഉല്‍പന്നമായ റസ്‌കിന് നേരത്തേ നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടി വന്നതിനു ശേഷം അതിന് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി. ബിസ്‌കറ്റിനെ അഞ്ചു ശതമാനം നികുതി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും. ബിസ്‌കറ്റിന്റെ നികുതി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മായങ്ക് ഷാ ആവശ്യപ്പെട്ടു.

ഉയര്‍ന്ന നികുതി ഫലത്തില്‍ ഉല്‍പാദനം കുറയ്ക്കുക തന്നെയാണ് ചെയ്യുക. തൊഴിലാളികളുടെ വിഷയം തങ്ങള്‍ ചൂണ്ടിക്കാണിച്ചത് പൊതുവായുള്ള പ്രതിഭാസത്തെ സൂചിപ്പിക്കാനാണ്. വില്‍പന കുറഞ്ഞതോടെ പാര്‍ലെ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 8,000 മുതല്‍ 10,000 വരെ ജോലിക്കാരെ പിരിച്ചുവിടുന്നു എന്നും പ്ലാന്റുകള്‍ അടച്ചു പൂട്ടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്ന പാര്‍ലെയുടെ അഞ്ചു രൂപയുടെയും, പത്തു രൂപയുടെയും ബിസ്‌ക്കറ്റ് പാക്കുകളുടെ പോലും വില്‍പന വ്യാപകമായി കുറഞ്ഞിട്ടുണ്ട്.

ഇതിനിടെ വില്‍പനയിലുണ്ടായ കുറവിനെ മറികടക്കാന്‍ പാര്‍ലെ ശ്രമം നടത്തുന്നുണ്ട്. ബിസ്‌കറ്റിന്റെ വില കുറയ്ക്കാതെ ഓരോ പാക്കറ്റിലും ബിസ്‌കറ്റിന്റെ അളവ് 20 ശതമാനം മുതല്‍ 41 ശതമാനം വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ഓഫര്‍ നല്‍കിയാണ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്.

 

 

ജി.എസ്.ടി മാത്രമല്ല കമ്പനി ഇതുവരെ നടത്തിയിരുന്ന പല തന്ത്രങ്ങളും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്

സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് പതിയെ പിടിമുറുക്കി തുടങ്ങിയതോടെയാണ് പല ഉല്‍പന്നങ്ങളുടെയും വില്‍പന ഇടിയാന്‍ തുടങ്ങിയത്. അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതി എന്ന ചിന്തയിലേക്ക് ഉപഭോക്താക്കള്‍ മാറി. ഓരോ ഉല്‍പന്നം വാങ്ങുമ്പോഴും അത് തങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്പെടും, മുടക്കുന്ന പണത്തിനുള്ള മൂല്യം പാക്കറ്റിനുള്ളിലുള്ള ഉല്‍പന്നത്തിനുണ്ടോ എന്നെല്ലാം വാങ്ങുന്നവര്‍ ചിന്തിക്കാന്‍ തുടങ്ങി.

ഇതിനിടെ ലാഭവിഹിതം കൂട്ടുന്നതിനായി ബിസ്‌കറ്റുകളുടെ വില വര്‍ധിപ്പിക്കാതെ തൂക്കം കുറച്ചു വന്നിരുന്ന പാര്‍ലെ ഉള്‍പ്പെടെയുള്ള ബിസ്‌കറ്റു കമ്പനിക്കാരുടെ സൂത്രങ്ങളും ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഒരിക്കല്‍ 100ഗ്രാം അളവില്‍ വാങ്ങിയ ബിസ്‌കറ്റിന്റെ അടുത്ത ബാച്ച് പുറത്തിറങ്ങുമ്പോള്‍ വിലയില്‍ വര്‍ധനവ് വരുത്തിയില്ലെങ്കിലും തൂക്കം ചിലപ്പോള്‍ 95 ഗ്രാമായി കുറച്ചിട്ടുണ്ടാകും. ഇത് കുറച്ചു നാള്‍ കഴിയുമ്പോള്‍ 90ഗ്രാമായി മാറും. ഒറ്റ നോട്ടത്തില്‍ ഇത് തിരിച്ചറിയുകയുമില്ല. ഓരോ ബാച്ചിലെയും ലക്ഷക്കണക്കിന് പാക്കറ്റുകളില്‍ നിന്നും അഞ്ചു ഗ്രാം വീതം കുറച്ചാല്‍ കമ്പനി നേടുന്ന ലാഭം ഊഹിക്കാന്‍ പോലും കഴിയില്ല.

സാമ്പത്തിക പ്രതിസന്ധി ഒരു പ്രശ്‌നമല്ലാതിരുന്ന കാലത്ത് ജനങ്ങള്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പണത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ ഉപഭോക്താവ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടോ മൂന്നോ വട്ടം ചിന്തിക്കുന്നത് സ്വാഭാവികം. എന്തായാലും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന തരത്തില്‍ വന്ന വാര്‍ത്ത ഊതിപ്പെരുപ്പിച്ചതാണ് എന്നു മാത്രമേ പാര്‍ലെ കമ്പനി മേധാവി മായങ്ക് ഷാ പറഞ്ഞിട്ടുള്ളൂ. ഭാവിയില്‍ ഫാക്ടറികള്‍ പൂട്ടില്ലെന്നും തൊഴിലാളികളുടെ എണ്ണം കുറയ്ക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല. കമ്പനി തകരുന്നതായുള്ള വാര്‍ത്തയെ പ്രതിരോധിക്കാന്‍ ശ്രമിച്ചതായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. വിപണിയിലെ വിഹിതം പിടിച്ചു നിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ് പാര്‍ലെ ഗ്രൂപ്പ്.

Leave a Reply

Your email address will not be published. Required fields are marked *