Fri. Apr 19th, 2024
ബംഗളൂരു:

മാതൃകാപരമായ നടപടിയുമായി ബംഗളൂരു നഗരസഭ. ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി, പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് വസ്തുക്കളെയൊക്കെ മറ്റൊരാവശ്യത്തിനായ് ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണവർ. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളായിട്ടായിരിക്കും ഈ പ്ലാസ്റ്റിക്കുകൾ ഇനി ഉപയോഗിക്കുക.

നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വിമാനത്താവളത്തിനകത്തെ റോഡുകളുടെ നിര്‍മാണത്തിന് ഇവ ഉപയോഗിക്കാന്‍ കരാറായിട്ടുണ്ട്. തിങ്കളാഴ്ച്ച ബി.ബി.എം.പി. ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ഔദ്യോഗികമായി, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ടണ്ണിലേറെ പ്ലാസ്റ്റിക്ക് വസ്തുക്കൾ വിമാനത്താവള അധികൃതര്‍ക്ക് കൈമാറും. നഗരസഭയിൽ നിന്നും സൗജന്യമായാണ് ഇവ ലഭിക്കുന്നത്.

റോഡ് നിര്‍മാണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും വെള്ളം കയറിയും മറ്റും റോഡുകള്‍ നശിക്കുന്നത് തടയാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ടാര്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്നതിനേക്കാള്‍ മികച്ചതാണ് പ്ലാസ്റ്റിക്ക് റോഡുകളെന്ന് നാഷനല്‍ റൂറല്‍ റോഡ്‌സ് ഡവലപ്‌മെന്റ് ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.

2019 ജനുവരി മുതല്‍ 4000 കിലോഗ്രാമോളം പ്ലാസ്റ്റിക് വസ്തുക്കളാണ് ബി.ബി.എം.പി. പിടിച്ചെടുത്തത്. വരുന്ന സെപ്റ്റംബർ 1 മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം കൂടുതല്‍ കര്‍ശനമാക്കാനാണു നഗരസഭയുടെ തീരുമാനം.
നിയമം പാലിക്കാത്തത്തും തെറ്റ് ആവര്‍ത്തിക്കുന്നതുമായ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ വരെ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *