Mon. Dec 23rd, 2024
മനാമ:

മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തടവുകാരുടെ സാമ്പത്തിക ഇടപാടുകളുൾപ്പെടെ എല്ലാം അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് രാജകുമാരന്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.

തടവുകാരായിരുന്നപ്പോൾ അച്ചടക്കമുള്ള പെരുമാറ്റം കാഴ്ചവച്ചവരെയാണ് മോചിപ്പിക്കുന്നത്. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിലായവരെ മോചനത്തിൽ നിന്നും ഒഴിവാക്കുമെന്നാണ് സൂചന.

തീരുമാനം അറിഞ്ഞതിനു പിന്നാലെ, ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ തന്നെ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

നിലവിൽ, ഔദ്യോഗിക കണക്കുകളനുസരിച്ചു വിദേശ ജയിലുകളിൽ തടവുകാരായിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 8,189 ആണ്. ഇവരിൽ ഏറ്റവും കൂടുതൽ പേർ തടവിലാക്കപ്പെട്ടിരിക്കുന്ന രാജ്യം സൗദി അറേബ്യയാണ്. 1,811 ഇന്ത്യക്കാരാണ് സൗദി ജയിലുകളിൽ കുറ്റക്കാരായി കഴിയുന്നത്. യു.എ.ഇ.യില്‍ ഇത്തരത്തില്‍ 1,392 പേരും തടവില്‍ കഴിയുന്നുണ്ട്.

ജയിൽ മോചനത്തെ കൂടാതെ, ബഹിരാകാശ സാങ്കേതികവിദ്യ, സൗരോര്‍ജം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ സഹകരിക്കാനും ഇന്ത്യയും ബഹറിനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പു വച്ചു. ഒപ്പം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ബഹറിനിലെ നാഷണല്‍ സ്‌പേസ് സയന്‍സ് ഏജന്‍സിയും തമ്മിലുള്ള ബഹിരാകാശ ഗവേഷണങ്ങള്‍ക്കും കരാറുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *