ലഖ്‌നൗ:
ഉത്തര്‍പ്രദേശിൽ, പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന്, വൃക്ക വിൽക്കാനൊരുങ്ങി കര്‍ഷകന്‍. ഉത്തർപ്രദേശ് ചട്ടാര്‍ സലി ഗ്രാമത്തിൽ, രാംകുമാര്‍ എന്ന യുവകര്‍ഷകനാണ് സ്വന്തം വൃക്കകൾ വിൽക്കേണ്ട വക്കിലെത്തി നിൽക്കുന്നത്.
പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷക പരിശീലനം പൂര്‍ത്തിയാക്കിയയാളാണ് രാംകുമാര്‍. എന്നാൽ, ഇതിന്റെ സര്‍ട്ടിഫിക്കറ്റുകളടക്കം മറ്റു രേഖകളൊക്കെ ഹാജരാക്കിയെങ്കിലും ഒരു പൊതുമേഖലാ ബാങ്കുപ്പോലും തനിക്ക് വായ്പ നല്‍കാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.
നിലവിൽ, നല്ലൊരുതുക കന്നുകാലികളെ വാങ്ങുന്നതിനും ഷെഡ് പണിയുന്നതിനുമായി ബന്ധുക്കളില്‍ നിന്നും പണം കടംവാങ്ങിയിരിക്കുകയാണ് അദ്ദേഹം. പലിശയടക്കം പണം തിരികെ നൽകാൻ ബന്ധുക്കളില്‍ നിന്ന് സമ്മര്‍ദ്ദം കൂടിവരുകയാണ്. ഇക്കാരണത്തിനാൽ, വൃക്ക വില്‍ക്കുകയല്ലാതെ, യാതൊരു മാർഗവും തന്നെ ഇതിനു പരിഹാരം കാണുവാൻ തന്റെ മുൻപിൽ ഇല്ല, രാംകുമാര്‍ പറഞ്ഞു.
വൃക്ക വില്പനയ്ക്കെന്ന് കാണിച്ച പോസ്റ്ററുകള്‍ പട്ടണങ്ങളിലും മറ്റു പൊതുയിടങ്ങളിലും രാംകുമാര്‍ പതിപ്പിച്ചിട്ടുണ്ട്.