Mon. Dec 23rd, 2024

 

ന്യൂഡല്‍ഹി:

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ലക്ഷക്കണക്കിന് ദളിതര്‍ പങ്കെടുത്ത വന്‍ പ്രക്ഷോഭമാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്നത്. ഈ മനുഷ്യ സമുദ്രം രാജ്യ തലസ്ഥാനത്തിന്റെ നഗര വീഥികളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിട്ടും ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. അതു കൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിന് ഈ സംഭവം അല്പം പോലും തലവേദന സൃഷ്ടിച്ചുമില്ല.

തുഗ്ലക്കാബാദില്‍ അഞ്ച് നൂറ്റാണ്ടിലധികമായി ദലിതുകള്‍ ആരാധിച്ചു വന്നിരുന്ന ഗുരു രവിദാസ് മന്ദിര്‍ പൊളിച്ചു നീക്കിയതിനെതിരെയായിരുന്നു ഈ ജനക്കൂട്ടം മുഴുവന്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്. സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ബി.ജെ.പി സര്‍ക്കാരും ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് രവിദാസ് മന്ദിര്‍ പൊളിച്ചു മാറ്റാനുള്ള നീക്കം നടത്തിയതെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രവിദാസിയ സമാജ് ആണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. രവിദാസിയ സമുദായത്തിന്റെ ആചാര്യനായ ഗുരു രവിദാസിന്റെ പേരിലുള്ളതായിരുന്നു തുഗ്ലക്കാബാദിലെ ക്ഷേത്രം.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ക്ഷേത്രം പൊളിച്ചത്. ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ രവിദാസിയ സമുദായക്കാര്‍ ഓഗസ്റ്റ് 13ന് ബന്ദ് നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അണ്ണാ ഹസാരെ രാംലീല മൈതാനത്തു നടത്തിയ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുക്കാനായി എത്തിയതിന്റെ പലമടങ്ങ് ആളുകളാണ് ബുധനാഴ്ച ഡല്‍ഹിയിലെ തെരുവീഥികളില്‍ പ്രതിഷേധിച്ചത്. എന്നിട്ടു പോലും അന്നാഹസാരെയുടെ സമരം തത്സമയം ജനങ്ങളെ കാണിച്ച മാധ്യമങ്ങളില്‍ ഒന്നു പോലും ഇന്നലെ ഈ പരിസരത്തുണ്ടായിരുന്നില്ല.

https://www.facebook.com/wokemalayalam/videos/2188120534818406/

അമിത്ഷായും പി. ചിദംബരവും തമ്മിലുള്ള കള്ളനും പോലീസും കളി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ ഇതൊന്നും കാണാന്‍ മാധ്യമങ്ങള്‍ക്ക് സമയം കിട്ടിയില്ല. അല്ലെങ്കില്‍ തന്നെ ദളിതര്‍ നടത്തിയ പ്രക്ഷോഭത്തിന് ചാനല്‍ റേറ്റിങ്ങില്‍ എവിടെയാണ് ഇടം. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെ നേരത്തേ പുറത്തു വിട്ടിട്ടുള്ള പല പ്രക്ഷോഭങ്ങളിലും പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഇന്നലെ തെരുവില്‍ ഇറങ്ങിയിരുന്നു. ഇതു തന്നെയാണ് ഈ പ്രതിഷേധം മുന്നോട്ടു വെയ്ക്കുന്ന ചോദ്യവും.

ക്ഷേത്രം പൊളിച്ചു നീക്കിയതിന് പിന്നില്‍ ദലിതര്‍ക്കെതിരായ ഡല്‍ഹി വികസന അതോറിറ്റിയുടെ ഗൂഢാലോചനയാണെന്ന് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ റോബിന്‍ സാംപ്ല ആരോപിച്ചു. അതേസമയം തുഗ്ലക്കാബാദില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്നാണ് ഗുരു രവിദാസ് സാധു സെക്ട് സൊസൈറ്റിയുടെ നിലപാട്.

ദലിതുകള്‍ ഹിന്ദുക്കളാണെന്ന് പറയുന്ന പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. എന്നിട്ടു പോലും തങ്ങളുടെ ക്ഷേത്രം തകര്‍ക്കപ്പെട്ടതിനെതിരെ ദലിതുകള്‍ നടത്തിയ ഈ സമരം ജനങ്ങളും ഭരണകൂടവും കണ്ടില്ല, അല്ലെങ്കില്‍ ആരും അവരെ കാണിച്ചില്ല. ഇവിടെയാണ് ബി.ജെ.പി സര്‍ക്കാരിന്റെയും ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെയും ബ്രാഹ്മണ മേധാവിത്തവും ദലിത് നിന്ദയും വെളിപ്പെടുന്നത്.

എന്നാല്‍ പ്രതിഷേധത്തിന്റെ വ്യാപ്തി വ്യക്തമായതോടെ കോണ്‍ഗ്രസും ബി.ജെ.പിയും അകാലി ദളും രവിദാസികള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

സംഭവം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറുന്നെങ്കില്‍ ആയിക്കോട്ടെ എന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി. അതേസമയം കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *