Wed. Jan 22nd, 2025

കൊച്ചി:

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ , മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിൽ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച്‌ വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രണ്ടു മണിക്കൂറോളം ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു.

നേരത്തെ, പാലാരിവട്ടം മേല്‍പ്പാല നിര്‍മണവുമായി ബന്ധപ്പെട്ട അഴിമതികേസിൽ ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു, പ്രാഥമികാഅന്വേഷണത്തിൽ, മുന്‍ പൊതുമരാമത്ത് മന്ത്രിയെതന്നെ ആദ്യം ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചത്.

എന്നാൽ, ചില കാര്യങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് തന്നെ വിളിപ്പിച്ചതെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. വീഴ്ചകള്‍ സ്വഭാവികമാണ്, പാലം പണിയില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, അഴിമതിയിൽ തനിക്കുപങ്കില്ലെന്നും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗത്തു നിന്നുമാണ് വീഴ്ചകൾ മുഴുവനും ഉണ്ടായിരിക്കുന്നതെന്നുമാണ് ഇബ്രാഹിം കുഞ്ഞു പ്രതികരിച്ചിരുന്നത്. പാലാരിവട്ടം മേൽപാല നിര്‍മാണത്തിനായ് ഭരണാനുമതി കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്, പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രവേണമെന്ന് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിയുടെ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അവർ കുറ്റക്കാരാണ്. മന്ത്രിയുടെ പണി പദ്ധതികളുടെ ഭരണാനുമതി നല്‍കുകയെന്നതാണ്. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ചു എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അമിതലാഭം ഉണ്ടാക്കുന്നതിനായി വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറുകാരും കണ്‍സള്‍ട്ടന്‍സിയും മേല്‍നോട്ടം വഹിച്ച സ്ഥാപനവുമുൾപ്പെടെ എല്ലാവരെയും കേസില്‍ പ്രതികളാക്കി ചേര്‍ത്തിട്ടുണ്ട്.
ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്‌.ഐ എറണാകുളം ജില്ലാ കമ്മിറ്റി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഇബ്രാഹിം കുഞ്ഞിന്റെയും കോലം കത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *