Sat. Apr 20th, 2024
കോട്ടയം:

കേരള മനസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച കെവിന്‍ കൊലപാതക കേസില്‍ പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പടെ 10 പേരാണ് കേസില്‍ കുറ്റക്കാര്‍. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലപാതകമായി കെവിന്‍ വധക്കേസ് ഇനി അറിയപ്പെടും.

14 പ്രതികളുണ്ടായിരുന്ന കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാലുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ(1), നിയാസ്‌മോന്‍(2), ഇഷാന്‍(3), റിയാസ് (4), ചാക്കോ (5), മനു മുരളീധരന്‍(6), ഷെഫിന്‍(7), നിഷാദ് (8), ടിറ്റു ജെറോം(9), വിഷ്ണു(10), ഫസില്‍ ഷെരീഫ്(11), ഷാനു ഷാജഹാന്‍(12), ഷിനു നാസര്‍ (13), റെമീസ്(14) എന്നിവരെയാണ് കേസിലെ പ്രതികളായി കോടതി കണ്ടെത്തിയിട്ടുള്ളത്.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ചാക്കോ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടത്. നാലു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെവിന്‍റെ പിതാവ് ജോസഫ് പറഞ്ഞു.

പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്. വധശിക്ഷ വരെ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, പൊതുവായ ഉദ്ദേശ്യത്തോടെ ഗൂഢാലോചന, ഭവന ഭേദനം, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, ഭീഷണി, നാശനഷ്ടമുണ്ടാക്കല്‍, തെളിവുനശിപ്പിക്കല്‍, എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും അച്ഛനും ചില ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി. ജോസഫിനെ(24) കൊലപ്പെടുത്തി എന്നാണ് കേസ്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി തെളിവുകളും നീനുവിന്റെ മൊഴിയും കണക്കിലെടുത്താണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാന കൊലപാതകം തന്നെയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതിയും അംഗീകരിച്ചു. ഇരുവരും ക്രിസ്ത്യാനികളായതിനാല്‍ ദുരഭിമാന കൊലയാവില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

114 സാക്ഷികളെ വിസ്തരിച്ച കേസില്‍ 258 രേഖകളും 55 വസ്തുക്കളും പരിശോധിച്ചു. ആറ് പേര്‍ കേസിന്റെ വിചാരണക്കിടെ കൂറുമാറുകയും ചെയ്തിരുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വിചാരണ നീണ്ടു നിന്നു. വളരെ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാകുന്ന അപൂര്‍വം കേസുകളില്‍ ഒന്നാണിതെന്ന് അഭിഭാഷകരും പറഞ്ഞു.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. ആറുമാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതിക്കു കഴിഞ്ഞു.

ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഈ ദുരഭിമാന കൊലക്കേസിന്റെ അന്വേഷണത്തില്‍ പൊലീസ് കാണിച്ച വീഴ്ചയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞിട്ടും യഥാസമയം അന്വേഷിക്കാതിരുന്ന പോലീസിനും കെവിന്റെ മരണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

കൊല്ലം സ്വദേശിയായ നീനുവിനെ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നീനുവിന്റെ അച്ഛനും സഹോദരനും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയത്. 2018 മേയ് 27നാണ് പ്രതികള്‍ ചേര്‍ന്ന് കേസിലെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് അനീഷിനെയും കെവിനെയും തട്ടിക്കൊണ്ട് പോയത്. അനീഷിനെ പ്രതികള്‍ മര്‍ദ്ദിച്ചശേഷം കോട്ടയത്ത് ഇറക്കി വിട്ടു.

സംഭവമറിഞ്ഞ നീനു പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതികരിക്കുകയും ചെയ്തതോടെയാണ് പോലീസ് ഗൗരവമായി അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് പുനലൂരിന് സമീപം ചാലിയക്കര ആറ്റില്‍ നിന്നും 2018 മേയ് 28ന് മാണ് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഇരുവരെയും കൊല്ലം ജില്ലയിലെ തെന്മലയില്‍ എത്തിച്ചു. അനീഷിനെ കോട്ടയത്തി തിരികെയെത്തിച്ച പ്രതികള്‍ അടുത്ത ദിവസം കെവിനെ മര്‍ദ്ദിച്ച് അവശനാക്കി പുനലൂരിന് സമീപമുളള ചാലിയക്കര ആറ്റില്‍ തളളിയിട്ടു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

നീനുവും കെവിനും ക്രിസ്ത്യാനികളായിരുന്നെങ്കിലും സവര്‍ണ വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദളിത് വിഭാഗത്തില്‍പെട്ട കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമായത്.

കോട്ടയത്ത് ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നീനുവിനെ 2018 മേയ് 24 നാണ് കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്. നീനു തന്റെ വീട്ടുകാരെ വിവാഹക്കാര്യം അറിയിച്ചതോടെ നീനുവിന്റെ പിതാവുള്‍പ്പെടെയുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ കാണിച്ചിട്ടും നീനുവിനോട് വീട്ടുകാര്‍ക്കൊപ്പം പോകുവാന്‍ നിര്‍ദേശിക്കുകയായിരുന്നു പോലീസുകാര്‍ ചെയ്തത്. എന്നാല്‍ നീനു അതിന് തയ്യാറായില്ല. ഇതോടെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് നീനുവിനെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ ഇവര്‍ പിന്‍വാങ്ങി. പിന്നീടാണ് ഷാനുവിന്റെ നേതൃത്വത്തില്‍ കാറില്‍ എത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *