പൂനെ:
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 41 പ്രതിരോധ ആയുധ നിര്‍മാണ ശാലകളിലെ എണ്‍പതിനായിരത്തിലധികം വരുന്ന ജീവനക്കാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിനെ സ്വതന്ത്ര കോര്‍പ്പറേഷനാക്കി മാറ്റാനുള്ള നീക്കത്തിനെതിരെയാണ് ജോലിക്കാരുടെ സമരം. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന സമരത്തിനാണ് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ ആയുധ ഫാക്ടറികളെ നിയന്ത്രിക്കുന്നത് കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ്(O.F.B.) ആണ്. ഈ സര്‍ക്കാര്‍ സ്ഥാപനത്തെ സ്വതന്ത്ര കോര്‍പ്പറേഷനാക്കി മാറ്റാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കമ്പനീസ് ആക്റ്റ് 2013 പ്രകാരം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ അതിലധികമോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാനാണ് നീക്കം. ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
തെലങ്കാന, ബിഹാര്‍, ചണ്ഡിഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായാണ് ഇന്ത്യയിലെ പ്രതിരോധ ആയുധ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആയുധ നിര്‍മാണ ഫാക്ടറികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്.
ഓര്‍ഡനന്‍സ് ഫാക്ടറി തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പൂനെയിലെ മൂന്ന് പ്രധാന പ്രതിരോധ ആയുധ നിര്‍മാണ യൂണിറ്റുകളില്‍ നിന്നുള്ള 7,000 തൊഴിലാളികളും ഫാക്ടറിയിലെ ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിക്കൊണ്ട് ചൊവ്വാഴ്ച മുതല്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൂനെയിലെ ഡെഹു റോഡിലെ ഓര്‍ഡന്‍സ് ഫാക്ടറി, ഖഡ്കിയിലെ വെടിമരുന്ന് ഫാക്ടറി, ഖഡ്കിയിലെ തന്നെ തീവ്ര സ്‌ഫോടകവസ്തു ഫാക്ടറി, എന്നിവിടങ്ങളിലെ എല്ലാ സിവിലിയന്‍ തൊഴിലാളികളും രാവിലെ ഏഴു മണി മുതല്‍ അതത് ഫാക്ടറി ഗേറ്റുകളില്‍ പണിമുടക്കിലാണ്. മുന്‍കരുതല്‍ നടപടിയായി എല്ലാ ഫാക്ടറികള്‍ക്കു മുന്നിലും ലോക്കല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുമുണ്ട്.
ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘ് (ബി.പി.എം.എസ്), സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ആള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍, ഐ.എന്‍.ടി.യു.സി നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, എന്നിവയാണ് പ്രധാനമായും സമരത്തിന് നേതൃത്വം നല്‍കുന്നത്. ഓര്‍ഡന്‍സ് ഫാക്ടറികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ചില പ്രധാന സംഘടനകളും പണിമുടക്കിന് ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനവും, എല്ലാവരുടെയും വിശ്വാസവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിലെത്തിയ നരേന്ദ്രമോദിക്ക് ഇന്ത്യയിലെ എണ്‍പതിനായിരത്തോളം വരുന്ന ഡിഫന്‍സ് സിവിലിയന്‍ തൊഴിലാളികളുടെ വികസനം വിഷയമല്ലേ എന്നാണ് ബി.പി.എം.എസ്. ജനറല്‍ സെക്രട്ടറി മുകേഷ് സിംഗ് ചോദിക്കുന്നത്. ഈ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രധാന മന്ത്രിക്കും ബിജെപി സര്‍ക്കാരിനും കഴിയില്ലേ എന്ന ചോദ്യവും സിങ് മുന്നോട്ടു വെയ്ക്കുന്നു.
സമരത്തിലുള്ള മൂന്നു പ്രധാന യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനയച്ച കത്തില്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഒരു കോര്‍പ്പറേഷനോ പൊതുമേഖലാ സ്ഥാപനമോ ആയി മാറ്റുന്നത് സാമ്പത്തികമായി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. ഫോക്ടറികള്‍ക്കു ലഭിക്കുന്ന ഓര്‍ഡറുകള്‍ കൂടുകയും കുറയുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഒരു ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത ഓര്‍ഡര്‍ ലഭിക്കുന്നതു വരെയുള്ള കാലതാമസം ഫാക്ടറികളുടെ പ്രവര്‍ത്തനത്തെയും ലാഭത്തെയും ബാധിക്കും. കോര്‍പ്പറേറ്റ് വല്‍ക്കരണം ലാഭം മാത്രം നോക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തെളിക്കും. അത് സ്ഥാപനങ്ങളുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നു യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാരായ സി. ശ്രീകുമാര്‍, ആര്‍. ശ്രീനിവാസന്‍, മുകേഷ് സിങ് എന്നിവര്‍ ചേര്‍ന്നാണ് രാജ്‌നാഥ് സിങിന് കത്തയച്ചത്.
ഓരോ വര്‍ഷത്തെയും ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനത്തെയും തൊഴിലാളികളെയും വിലയിരുത്തുന്നത്. പ്രതിരോധ മേഖലയിലെ ആയുധങ്ങള്‍ പലതും ദീര്‍ഘകാലം ഉപയോഗിക്കപ്പെടുന്നവയാണ് അതിനാല്‍ ഫാക്ടറികള്‍ക്കു ലഭിക്കുന്ന ഓരോ ഓര്‍ഡറുകളും തമ്മില്‍ വര്‍ഷങ്ങളുടെ ഇടവേള ഉണ്ടാകാറുണ്ട്. ഈ വിഷയവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ പെന്‍ഷന്‍ അവകാശം പോലും ഇല്ലാത്ത അവസ്ഥയില്‍ ഫാക്ടറിയിലെ ജോലിക്കാര്‍ ഇവിടെ നിന്നും ലഭിക്കുന്ന വേതനത്തെ ആശ്രയിച്ച് മാത്രമാണ് ജീവിക്കുന്നത്. കോര്‍പ്പറേറ്റ് വല്‍ക്കരണം ഇതെല്ലാം താറുമാറാക്കുമെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.
അതു കൊണ്ടു തന്നെ ദേശീയ സുരക്ഷ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കണം. പ്രതിരോധത്തില്‍ സ്വാശ്രയത്വം നേടുക എന്നതും കൂടി കണക്കിലെടുത്ത് ഒ.എഫ്.ബി.യെ സ്വതന്ത്ര കോര്‍പ്പറേഷനാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ തിരിയണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഫാക്ടറികളിലെ അഗ്നി സുരക്ഷാ വിഭാഗത്തിലും മെഡിക്കല്‍ വിഭാഗത്തിലും ജോലി ചെയ്യുന്നവര്‍ ഒഴികെ മറ്റെല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
കോര്‍പ്പറേഷന്‍ വല്‍ക്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഉയരുന്ന സംശയങ്ങള്‍
ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കോര്‍പ്പറേഷന്‍ വല്‍ക്കരണം പ്രതിരോധ മേഖല കൂടി ഭാവിയില്‍ കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വ്യോമസേനക്കു വേണ്ടി സുഖോയ് -30 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ നാസിക്കിലെ പ്ലാന്റ് അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇത് റഫാല്‍ വിമാനങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെട്ട റിലയന്‍സിനു വേണ്ടിയാണോ എന്നാണ് പ്രധാനമായും ഉയരുന്ന സംശയം.
ഇതിനിടെ പ്രതിരോധ ആയുധഫാക്ടറികള്‍ സമരം ആരംഭിക്കാന്‍ പോകുന്നു എന്ന സൂചനകള്‍ പുറത്തു വന്നതിനിടെ പുറത്തു വന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണവും ഇത് ശരിവെക്കുന്നതാണ്. പ്രതിരോധ മേഖലയിലേക്ക് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ സ്വകാര്യ ആയുധ നിര്‍മാതാക്കളായ കമ്പനികളെയും ക്ഷണിക്കുന്നു എന്നാണ് രാജ്‌നാഥ് സിഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതിരോധ മേഖല കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതേസമയം രാജ്യ സുരക്ഷ ഉള്‍പ്പെടെ സ്വകാര്യ കുത്തകകളുടെ കയ്യിലെത്തുന്നത് വലിയ അപകടമാകും എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആയുധങ്ങള്‍ നിര്‍മിക്കാന്‍ കൂടി റിലയന്‍സ് വക പുതിയ കമ്പനി തുടങ്ങിയാല്‍ പിന്നെ ഒട്ടും സംശയിക്കേണ്ടതില്ല.
തൊഴിലാളികളുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ തുടങ്ങിയതായി സൂചനയില്ല.