Wed. Jan 22nd, 2025

പാലക്കാട്:

പ്ലാച്ചിമടയില്‍ തിരിച്ചുവരുവാനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കങ്ങൾക്ക് തടയിട്ട്, പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും. കൊക്കകോളക്കമ്പനിയുടെ പ്രവർത്തനം മൂലം ബാധിക്കപ്പെട്ട പ്രദേശവാസികൾക്ക്, പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍, ആരോഗ്യപദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ പ്രദേശത്ത് നടപ്പാക്കുമെന്ന വാഗ്ദാനവുമായി, കമ്പനി തിരിച്ചു വരുവാനൊരുങ്ങുകയായിരുന്നു. എന്നാൽ, കോളക്കമ്പനി മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായ ദുരിതം പരിഹരിക്കുന്നതിനായി വിദഗ്ധര്‍ കണക്കാക്കിയ 216 കോടി രൂപ ഇതുവരെ ജനങ്ങൾക്ക് ലഭിച്ചിട്ടുമില്ല.

പുതിയ പദ്ധതിയെ സംബന്ധിച്ചു സര്‍ക്കാർ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കൊക്കകോള കമ്പനി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടർന്ന്, പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തി, യോഗത്തിന്റെ തീരുമാനം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ജനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം കൊടുത്ത ശേഷം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താമെന്നായിരുന്നു യോഗത്തിൽ പങ്കെടുത്തവരുടെ തീരുമാനം. ഇതോടെ പുതിയ പദ്ധതികളെ മറയാക്കിയുള്ള കോളാ കമ്പനിയുടെ നാടകം പൊളിയുകയായിരുന്നു.

2004 മുതൽ 15 വര്‍ഷമായി പൂട്ടി കിടക്കുകയാണ് പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റും സ്ഥലവും. കാടുപിടിച്ചുകിടന്ന ഈ മേഖലയിൽ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി 34 ഏക്കര്‍ വരുന്ന ഫാക്ടറി പ്രദേശം വെട്ടിത്തെളിച്ച്‌ വൃത്തിയാക്കിയിരുന്നു. നേരത്തെയും പഴച്ചാര്‍ സംസ്‌കരണ കേന്ദ്രം തുടങ്ങുമെന്ന വ്യാജേനയുണ്ടായ, കമ്പനിയുടെ നീക്കവും നാട്ടുകാർ തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *