തിരുവനന്തപുരം:
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബര്‍ രണ്ടാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. അതേസമയം, മറ്റ് തിയതികളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഇക്കൊല്ലത്തെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 26ന് തുടങ്ങാനാണ് തീരുമാനം. മഴദുരിതത്താൽ ഉണ്ടായ തുടര്‍ച്ചയായ അവധി ദിനങ്ങളാൽ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും പരീക്ഷകൾ അന്നേദിവസം തന്നെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. പരീക്ഷ മാറ്റുന്നത് മൊത്തം അധ്യയന കലണ്ടറിനെയും ബാധിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.
അതേസമയം, സെപ്റ്റംബര്‍ രണ്ടിന് സ്കൂളുകളില്‍ ഓണാഘോഷ പരിപ്പാടികള്‍ നടത്താൻ നിര്‍ദേശം നല്‍കി. ഈ വർഷം ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള സംസ്ഥാന തല ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചേക്കും.