മുംബൈ:
ഐ.പി.എല്ലിൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറായ, മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് അടുത്തവർഷം മുതൽ കളിക്കാനാവുമെന്ന് ബി.സി.സി.ഐ. അറിയിച്ചു. നേരത്തെ, ആജീവനാന്ത വിലക്കാണ് താരത്തിന് നൽകിയിരുന്നതെങ്കിലും ഇത് ഏഴുവർഷമായി കുറച്ചുകൊണ്ടാണ് ബി.സി.സി.ഐ. യുടെ പുതിയ അറിയിപ്പ്.
കേസുമായി ബന്ധപ്പെട്ടു ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയ്ന്‍ ഇറക്കിയ ഉത്തരവിലാണ് പുതിയ നടപടിയെ സംബന്ധിച്ച വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് പ്രകാരം, 2020 ആഗസ്റ്റ് മുതലാവും മലയാളി താരത്തിനു കളിക്കളത്തിലേക്ക് തിരിച്ചു മടങ്ങാനാവുക. 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. മുപ്പത്തിയാറുകാരനായ ശ്രീശാന്ത് ആറു വര്‍ഷമായി ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ഐ.പി.എല്ലില്‍ അവസാനമായി, രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത്, ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍, ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ്, ആജീവനാന്ത വിലക്ക് നീക്കിക്കൊണ്ടുള്ള പുതിയ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐ അറിയിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20, എകദിന ലോകകപ്പ് കിരീടം ഉയർത്തിയ ടീമുകളിൽ, അംഗമായിരുന്ന ശ്രീശാന്തിന്റെ മികച്ച ബൗളിംഗ്, ടീം ഇന്ത്യ ലോകകപ്പ് നേടുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു.