Wed. Nov 6th, 2024

 

മുംബൈ:

ഹിന്ദിയിലെ എക്കാലത്തെയും മികച്ച മെലഡികള്‍ സൃഷ്ടിച്ച സംഗീത സംവിധായകന്‍ ഖയ്യാം ഓര്‍മയായി. മുബൈ ജൂഹുവിലെ സുജയ് ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു.

ഓഗസ്റ്റ് നാലു മുതല്‍ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

വാര്‍ധക്യ സഹജമായ രോഗങ്ങളും ശ്വാസ തടസവും മൂലമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച രാത്രി ഒന്‍പരയോടെയാണ് അന്ത്യം സംഭവിച്ചത്.

കഭി കഭി, ഉമ്ര ഓ ജാന്‍, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് ആസ്വാദകരുടെ മനസില്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി എന്ന ഖയ്യാം ചിരപ്രതിഷ്ഠ നേടിയത്. കഭി കഭി എന്ന ചിത്രത്തിലെ കഭീ കഭീ മേരെ ദില്‍മേം എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണ്.

1927 ഫെബ്രുവരി 18ന് പഞ്ചാബിലെ ജലന്തറില്‍ ജനിച്ച ഖയ്യാം നാലു പതിറ്റാണ്ട് ഹിന്ദി സിനിമാ സംഗീത ലോകത്ത് നിറഞ്ഞു നിന്ന പ്രതിഭയാണ്. കുട്ടിക്കാലത്തു തന്നെ സിനിമ ഖയ്യാമിന് ആവേശമായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിലും സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.

പിന്നീട് 11-ാം വയസില്‍ ഖയ്യാം ഡല്‍ഹിയിലുള്ള അമ്മാവന്‍റെ അടുത്തേക്ക് ഒളിച്ചോടി. അടുത്ത അഞ്ചു വര്‍ഷം സംഗീതം പഠിച്ചു. തുടര്‍ന്ന് 17-ാം വയസില്‍ ബോംബെയിലെത്തുന്നു. സിനിമയില്‍ കയറിപ്പറ്റാന്‍ കഴിയാതെ ലാഹോറിലേക്കു പോയി. അവിടെ പ്രശസ്തനായ സംഗീതജ്ഞന്‍ ഗുലാം അഹമ്മത് ചിസ്തിയുടെ ശിഷ്യനായി.

പട്ടിണി സഹിക്കാന്‍ കഴിയാതെ 1943ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. പിന്നീട് 1947 ജനുവരിയില്‍ വീണ്ടും മുംബൈയിലെത്തി. തുടര്‍ന്ന് ഇരട്ട സംഗീതജ്ഞരായ പണ്ഡിറ്റ് ഹുസന്‍ലാലിനെയും പണ്ഡിറ്റ് ഭഗവത്റാമിനെയും കണ്ടു. അവരാണ് ഖയ്യാമിന് സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്.

തുടര്‍ന്ന് ശര്‍മാജി എന്ന പേരില്‍ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഇങ്ങനെ തുടരുന്നതിനിടെ 1948ല്‍ മുഹമ്മദ് റഫി പാടിയ ഖയ്യാമിന്‍റെ അകേലെ മേ വോ ഖബരാത്തേന്‍ തോ ഹോംഗെ എന്ന ഗസല്‍ വലിയ ഹിറ്റായി മാറി.

14 വര്‍ഷത്തോളം ഹിന്ദിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരുന്ന സംഗീത സംവിധായകനായിരുന്നു അദ്ദേഹം. 54 സിനിമകളിലായി 350ഓളം പാട്ടുകള്‍ക്ക് സംഗീതം നല്‍കി. പുതിയ സംഗീത സംവിധായകരെയും അദ്ദേഹം ആദരിച്ചിരുന്നു. എ.ആര്‍ റഹ്മാന്‍റെ പാട്ടുകള്‍ വിസ്മയമാണ് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

പഴയകാല ഗായിക ജഗജീത് കൗര്‍ ആണ് ഭാര്യ.

കഭീ കഭീ(1976), ത്രിശൂല്‍ (1978), നൂറീ(1979), ഥോഡി സി ബേവഫായി (1980), ഉമ്രാ ഓ ജാന്‍ (1981), ബസാര്‍ (1982), റസിയ സുല്‍ത്താന (1983) തുടങ്ങിയവ ഖയ്യാമിന്‍റെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *