പെരിയ:
സംസ്ഥാനത്ത് നാശംവിതച്ചു കടന്നുപ്പോയ മഴക്കെടുതികൾക്കിടയിലും ജീവൻ പണയം വച്ച് പ്രകാശമായി നിന്ന കെ.എസ്.ഇ.ബി. ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ ആദരിച്ചു. കാസര്‍കോട്ടിലെ പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. (നാഷണല്‍ സര്‍വീസ് സ്‌കീം) യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.
കൊടും മഴയിൽ, തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതോടെ കാര്യങ്കോട്, അച്ചാംതുരുത്തി മേഖലകളിൽ വൈദ്യുതി വിതരണം മുഴുവൻ തകരാറിലായിരുന്നു. മേഖലയിൽ, 45 വൈദ്യുത തൂണുകള്‍ ഒടിഞ്ഞു വീഴുകയും നിരവധി സ്ഥലങ്ങളില്‍ വൈദ്യുതകമ്പികൾ പൊട്ടിവീണ് അപകട സാധ്യത വർധിക്കുകയും ചെയ്തു. ഏഴ് ട്രാന്‍സ്‌ഫോര്‍മറുകളാണ് വെള്ളത്തിനടിയിലായത്, ഒരു ട്രാന്‍സ്ഫോര്‍മര്‍ നിലംപൊത്തിയതാണ് വൈദ്യുതി വിതരണം മുടങ്ങാൻ കാരണമായത്. എന്നാൽ, കനത്തു പെയ്ത പേമാരിയെപ്പോലും കൂട്ടാക്കാതെ പിലിക്കോട് സെക്ഷനിലെ ജീവനക്കാർ പണിചെയ്തു വൈദ്യുത പ്രശ്നങ്ങൾ പരിഹരിച്ചു. പ്രശംസനീയമായ ഉദ്യോഗസ്ഥരുടെ ഈ പ്രയത്‌നത്തിനാണ് ആദരമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
അധ്യാപകരുടെയും , വിദ്യാര്‍ത്ഥികളുടെയും സംഘം കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. കേവലം നാലുദിവസങ്ങള്‍ക്കുള്ളിലാണ് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ ജീവനക്കാര്‍ പരിഹരിച്ചത്.