നിലമ്പൂര്‍ :
കവളപ്പാറയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഹൈദരാബാദില്‍ നിന്നുമെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ രാവിലെ പത്തുമണിയോടെ തുടങ്ങിയിരുന്നു. ഊര്‍ജിതമായ തെരച്ചിലാണ് രാവിലെ മുതല്‍ നടന്നു വരുന്നത്.
രണ്ടു ഭൂഗര്‍ഭ റഡാറുകളാണ് ഹൈദരാബാദില്‍ നിന്നും മലപ്പുറത്തെത്തിച്ചത്. ശനിയാഴ്ച രാത്രി കരിപ്പൂരിലെത്തിച്ച റഡാറുകള്‍ രാവിലെ പത്തുമണിയോടുകൂടി കവളപ്പാറയിലെത്തിച്ചു. ഈ റഡാറുകള്‍ ഉപയോഗിച്ച് ഉരുള്‍പൊട്ടലുണ്ടായ മേഖലയാകെ സ്‌കാനിംഗ് നടത്തുകയും ചെയ്തിരുന്നു. റഡാര്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലില്‍ നാലു സ്ഥലത്താണ് മണ്ണിനടിയില്‍ എന്തെങ്കിലും വസ്തു ഉള്ളതായി ഇതുവരെ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. അതനുസരിച്ച് ആ ഭാഗത്ത് തെരച്ചില്‍ നടക്കുന്നുണ്ട്.
അതേസമയം സമാന്തരമായി ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ കൂടാതെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതുപോലെ ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ചുള്ള സമാന്തരമായ തെരച്ചില്‍. കൂടുതല്‍ വെള്ളവും ചെളിയും നിറഞ്ഞു കിടക്കുന്ന പ്രദേശത്താണ് തെരച്ചില്‍ നടത്താന്‍ ബാക്കിയുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെയുള്ള സംഘമാണ് ചെളി നിറഞ്ഞ പ്രദേശത്തു നിന്നും മൂന്നു മൃതദേഹങ്ങള്‍ ഇന്നു കണ്ടെത്തിയത്. ഈ ഭാഗത്തു നിന്നും ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നതും ചെളി നിറഞ്ഞ് പുഴപോലെയായി കിടക്കുന്ന ഈ പ്രദേശത്താണ്. വെള്ളം നിറഞ്ഞ ഇത്തരം പ്രദേശങ്ങളില്‍ റഡാറിന്റെ പ്രവര്‍ത്തനത്തിന് പരിമിതിയുണ്ടെന്ന് ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജി.പി.ആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ചെളിനിറഞ്ഞ ഭാഗത്ത് വിജയകരമാകാന്‍ സാധ്യത കുറവാണെന്നും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് കെ. പാണ്ഡെ പറഞ്ഞു.
ഇതിനുമുമ്പ് ഇത്തരം സ്ഥലത്ത് ഈ സംവിധാനം ഉപയോഗിച്ചിട്ടില്ല. ഭൂകമ്പം ഉണ്ടായ സ്ഥലങ്ങളിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലുമാണ് ജി.പി.ആര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിട്ടുള്ളത്. വരണ്ട ഭൂമിയിലാണ് റഡാര്‍ സംവിധാനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക എന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതിനിടെ ചെറിയ രീതിയില്‍ സാങ്കേതിക തകരാറും ജിപിആര്‍ സിസ്റ്റത്തിനുണ്ടായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം ബാക്കി സ്ഥലത്ത് സ്‌കാനിംഗ് തുടരുന്നുണ്ട്.
ഭൂഗര്‍ഭ റഡാര്‍ ഇന്നു വൈകിട്ടോ നാളെയോ പുത്തുമലയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.
ഇതിനിടെ പുത്തുമലയില്‍ നടന്ന തെരച്ചിലില്‍ ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തി. ഏഴുപേരെ കാണാതായിരുന്ന പുത്തുമലയില്‍ നിന്നും ഇനി കണ്ടെത്താനുള്ളത് ആറു മൃതദേഹങ്ങളാണ്.
ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറിന്റെ രണ്ടു യൂണിറ്റുകളാണ് പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ആനന്ദ് കെ. പാണ്ഡെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ കയ്യിലുള്ളത്. രത്‌നാകര്‍ ദാക്തെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ. സഹദേവന്‍, സീനിയര്‍ റിസര്‍ച്ച്് ഫെലോ ജോണ്ടി ഗൊഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
ഭൂമിക്കടിയില്‍ 20 മീറ്റര്‍വരെ താഴ്ചയില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നവയാണ് ഇവരുടെ കൈവശമുള്ള റഡാര്‍. കണ്‍ട്രോള്‍ യൂണിറ്റും ആന്റിനയും ഉള്‍പ്പെടെ ഒരു ജിപിആര്‍ യൂണിറ്റിന് 130 കിലോയോളം ഭാരം വരും.