Fri. Apr 26th, 2024
തിരുവനന്തപുരം :

സംസ്ഥാനത്തു നാശം വിതച്ചു കടന്നുപോയ പേമാരിയെ തുടർന്ന്, എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശം. ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിൽ 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എച്ച് വൺ എൻ വൺ ബാധിതരായി മൂന്നുപേർ മരണമടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്തുടനീളം നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. രോഗം പടരാനുള്ള സാധ്യതയെ ഇത് വർദ്ധിപ്പിക്കുന്നു. കേരളംമുഴുവനിലും താമസിക്കുന്നവർ ജാഗ്രതപാലിക്കേണ്ടതുണ്ട്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്- ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്താകെ, ഈ വര്‍ഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരുമാണ്, എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം 38 പേര്‍ക്കും ഇതേ വര്‍ഷത്തിൽ 821 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

എച്ച്. വണ്‍ എന്‍. വണ്‍ രോഗലക്ഷണങ്ങൾ

  • സാധാരണയിലും കൂടുതലായി വർദ്ധിച്ച പനി
  • വരണ്ട ചുമ
  • ജലദോഷം
  • തൊണ്ടവേദന
  • വിറയല്‍
  • മൂക്കൊലിപ്പ്


പ്രധാനമായും ജാഗ്രതപാലിക്കേണ്ടവർ
(ചെറിയ തോതിലെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ, ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടുക)

  • ഗര്‍ഭിണികള്‍
  • അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍
  • 65വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
  • വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ

Leave a Reply

Your email address will not be published. Required fields are marked *