ലഹോര്‍:
കഴിഞ്ഞ ദിവസം മുതൽ ഗൂഗിളില്‍ ‘ബെഗ്ഗർ’ (ഭിക്ഷക്കാരന്‍) എന്ന് തിരയുമ്പോൾ ലഭിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം. ഇമ്രാൻ ഖാനെ ആരോ ഭിക്ഷക്കാരനായി എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയാണ് ഗൂഗിളിൽ കാണാൻ കഴിയുന്നത്. സംഭവത്തെ തുടർന്ന്, ഇത്തരം തമാശകൾ നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാന്‍ സർക്കാർ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെയും ഇത്തരത്തിൽ ഗൂഗിള്‍ തിരച്ചുകളിൽ ലഭിക്കുന്ന ഫലങ്ങളുടെ പേരിൽ ഏറെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ‘ഇഡിയറ്റ്’ എന്ന് തിരയുമ്പോൾ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും ‘ടൂറിസ്റ്റ്’ എന്ന് തിരയുമ്പോൾ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ വരുന്നതും ഇതിനുദാഹരണങ്ങളാണ്.
വിവാദ ബില്ലായ, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന്, ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി വ്യപാരങ്ങളും പാക്കിസ്ഥാന്‍ നിര്‍ത്തലാക്കിയിരുന്നു. ചെെന, സൗദി അറേബ്യ, ഐ.എം.എഫ്. എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ച് പാക്കിസ്ഥാനിലെ സാമ്പത്തിക രംഗം ഉണരുന്ന നേരത്തായിരുന്നു , ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വേണ്ടെന്ന് വയ്ക്കാൻ പാക്കിസ്ഥാന്‍ തയ്യാറാകുന്നത്. ഇതിന് പിന്നാലെയാണ് ഭിക്ഷക്കാരന്‍ എന്ന തെരച്ചിലിൽ ഇമ്രാന്‍റെ പടം ഗൂഗിളില്‍ കാണാൻ തുടങ്ങിയത്.