Thu. Apr 25th, 2024
ദമ്മാം:

സൗദിയിൽ ഹൂതി ഭീകരരുടെ ഡ്രോണ്‍ ആക്രമണത്തിൽ എണ്ണപ്പാടത്തിനു തീപിടിച്ചു. സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെയായിരുന്നു സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിന് നേരെ സ്ഫോടക വസ്തുക്കളുമായെത്തിയ ഡ്രോണ്‍ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന്, സ്ഥലത്തെ പ്രകൃതി വാതക യൂണിറ്റിൽ തീ ആളിപടർന്നു.

തീപിടുത്തത്തിൽ ആളപായമുണ്ടായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം, പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.

ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നേരത്തെ സൗദിയിലെ എണ്ണ പൈപ്പ് ലൈനുകളെയും അറേബ്യന്‍ ഗള്‍ഫിലൂടെയുള്ള എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും അന്താരാഷ്ട്ര എണ്ണ വിതരണ വ്യവസ്ഥയുടെ സുരക്ഷക്ക് തന്നെ ഹൂതി ഭീകരർ ഭീഷണിയാണെന്നുമാണ് സൗദി ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *