കാബുള്‍ :
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തില്‍പെട്ട മുസ്ലിങ്ങള്‍ കൂടുതലുള്ള പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളിലാണ് കഴിഞ്ഞ രാത്രിയില്‍ സ്‌ഫോടനമുണ്ടായത്.
ഷിയാഹസാര സമുദായത്തില്‍ പെട്ട കുടുംബത്തിലെ വിവാഹചടങ്ങ് നടക്കുന്നതിനിടെ ബോംബുമായി എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാബൂളിലെ പ്രാദേശിക സമയം രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. വിവാഹ ചടങ്ങിനോടനുബന്ധിച്ച് സംഗീത പരിപാടി നടന്നിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
ആയിരത്തിലധികം പേര്‍ എത്തിയ വിവാഹചടങ്ങില്‍ വേദിക്ക് സമീപമുണ്ടായിരുന്ന കുട്ടികളും യുവാക്കളും കൊല്ലപ്പെട്ടു. സ്റ്റേജിന് സമീപം കൂട്ടംകൂടി നിന്നവരാണ് കൂടുതലും കൊല്ലപ്പെട്ടത്. ഈ ഹാളില്‍ കൂടുതലായി ഉണ്ടായിരുന്നത് പുരുഷന്മാരാണ്.
താന്‍ സ്ത്രീകളുടെ ഹാളിലേക്ക് പോയ സമയത്താണ് പൊട്ടിത്തെറി ഉണ്ടായതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മുഹമ്മദ് ഫര്‍ഹാജ് പറഞ്ഞു. ഇരുപതു മിനിട്ട് സമയത്തോളം ഹാള്‍ മുഴുവന്‍ പുക കൊണ്ടി മൂടി ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. തകര്‍ന്ന കസേരകള്‍ക്കിടയില്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. അപകടം നടന്ന് രണ്ടുമണിക്കൂറിനു ശേഷവും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹാളിന് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു എന്നും ഫര്‍ഹാജ് പറഞ്ഞു.
തന്റെ കുടുംബവും വധുവും സംഭവത്തിന്റെ ഞെട്ടലില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് വരനായ മിര്‍വായിസ് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. സഹോദരനെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം ഈ ദുരന്തത്തില്‍ തനിക്കു നഷ്ടപ്പെട്ടു എന്നും മിര്‍വായിസ് പറഞ്ഞു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
ഐ.എസും താലിബാനും ഷിയാഹസാര വിഭാഗത്തില്‍ മുസ്ലിം വിശ്വാസികള്‍ക്കെതിരെ കാബുളിലും പാകിസ്ഥാനിലും അടുത്ത കാലത്തായി നിരന്തരമായി ആക്രമണം നടത്തി വരുന്നുണ്ട്. സ്‌ഫോടനത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ഐ.എസ്സോ മറ്റു സംഘടനകളോ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് മരിച്ചവരുടെ എണ്ണം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചത്. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് നുസ്റസത്ത് റഹിമി മാധ്യമങ്ങളെ അറിയിച്ചു.
ഏതാനും ദിവസം മുമ്പ് പടിഞ്ഞാറന്‍ കാബൂളില്‍ തന്നെ താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അന്നത്തെ അപകടത്തില്‍ മരിച്ചതില്‍ കൂടുതലും. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രാത്രിയില്‍ വിവാഹചടങ്ങിനിടെ നടന്ന സ്‌ഫോടനം.