ന്യൂഡൽഹി :
കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിൽ, ആളിപടരുന്ന തീ കെടുത്താന്‍ അഗ്നിരക്ഷാസേനയുടെ 34 വാഹനങ്ങളാണു എത്തിച്ചേർന്നിട്ടുള്ളത്. എന്നാൽ, സംഭവത്തിൽ ഇതുവരെ ആർക്കും അപകടമുണ്ടായതായി റിപ്പോർട്ടുകളില്ല.
ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്തായിരുന്നു തീപിടിത്തം ഉണ്ടായത്. നിലവിൽ, കെട്ടിടത്തിൽനിന്ന് രോഗികളെയും ബന്ധുക്കളെയും ഒഴിപ്പിക്കുകയാണ്. രോഗികളെ ചികിൽസിക്കാത്ത കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഡോക്ടർമാരുടെ മുറികളും ഗവേഷണ ലാബുകളുമാണ് ഈ കെട്ടിടത്തിലുള്ളത്. ഒന്നാം നിലയിൽ തുടങ്ങിയ തീയുടെ പുക രണ്ടാം നിലയിലേക്കും വ്യാപിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റൊരു കെട്ടിടത്തിലാണ് അദ്ദേഹം ചികിൽസിലുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 9നാണ് ജയ്റ്റ്ലിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്നു ആവശ്യത്തിലധികം ദൂരത്താണ് അരുൺ ജയ്റ്റ്ലിയെ പ്രവേശിപ്പിച്ച കെട്ടിടമുള്ളത്.
കേന്ദ്ര മന്ത്രിയുടെ നില ഗുരുതരമായി തുടരുകയാണ്.