ഇടുക്കി:
പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകരുകയായിരുന്നു.
എന്നാൽ, മന്ത്രി തല ഇടപെടലുകളുടെ ഭാഗമായി മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിദ്യാർത്ഥികൾക്കായി, അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന്, പ്രഖ്യാപനം കടലാസ്സിലൊതുങ്ങി.
പ്രളയ സമയത്ത്, കോടികള്‍ മുടക്കി പത്തേക്കറിലായി നിര്‍മ്മിച്ചിരുന്ന, അഞ്ച് കെട്ടിടങ്ങളാണ് മണ്ണിടിച്ചിലില്‍ മാട്ടുപ്പെട്ടിയാർ മറിച്ചിട്ടത്. അങ്ങനെ, മൂന്നുമാസക്കാലം പഠിതാക്കളുടെ ക്ലാസുകൾ മുടങ്ങിയിരുന്നു. എന്നാൽ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ നേത്യത്വത്തില്‍ മൂന്നാറിലെ വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും, അതാത് വകുപ്പുകള്‍ അവ വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഒപ്പം, മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനും സംഘവും നടത്തിയ ശ്രമങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
ഇതോടെ, വിദ്യാർത്ഥികൾ ഒത്തുകൂടി മൂന്നാര്‍ ടൗണിലെ വഴിയോരങ്ങളില്‍ പഠനം ആരംഭിച്ചു. എന്നാൽ, അതും തുടരാനായില്ല, മൂന്നാര്‍ എന്‍ജിനിയറിംങ് കോളേജില്‍, ആര്‍ട്സ് കോളേജ് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കി നൽകി. അതേസമയം, അവിടെ ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടന്നെങ്കിലും പൊട്ടിപ്പൊളിഞ്ഞ കാലിത്തൊഴുത്തുകളാണ്, കുട്ടികള്‍ക്ക് തുടര്‍പഠനം നടത്താന്‍ ജീവനക്കാര്‍ ലഭ്യമാക്കിയിരുന്നത്. 450 വിദ്യാർത്ഥികളാണ് കോളേജില്‍ പഠനം നടത്തുന്നത്. എങ്കിലും, ഇത്രയും വിദ്യാർത്ഥികൾക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഒപ്പം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പെണ്‍കുട്ടികളെയും പ്രതികൂലമായി ബാധിക്കുന്നു.
നേരത്തെ, വൈദ്യുതിമന്ത്രി എം. എം. മണിയുടെ ഇടപെടൽമൂലം, എ. കെ. ബാലന്‍ ഒഴിപ്പിച്ച മൂന്നാര്‍ സപെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടത്തിന്‍റെ മൂന്ന് മുറികള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ഉത്തരവ് കൊടുത്തെങ്കിലും ഒന്നും പ്രാവർത്തികമാക്കിയിരുന്നില്ല. നിലവില്‍, വാതിലോ ജനാലകളോ ഇല്ലാത്ത കെട്ടിടത്തില്‍ തണുത്തുവിറച്ചാണ് കുട്ടികള്‍ പഠിക്കുന്നത്. എം. എ. വിഭാഗത്തിലാകട്ടെ, ഒരു ബെഞ്ചും അധ്യാപകന് ഇരിക്കാന്‍ ഒരു കസേരയും മാത്രമാണുള്ളത്. പ്രശ്നം ഇത്ര രൂക്ഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്ന സർക്കാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥ മനോഭാവങ്ങളിൽ, വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിക്കുന്നു.