Mon. Dec 23rd, 2024
തിരുവനന്തപുരം:

കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ല കളക്ടര്‍ കെ. വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വി.കെ. പ്രശാന്താണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ കളക്ഷന്‍ പോയിന്റ് തുടങ്ങാന്‍ മടിച്ച് നിന്നതോടെയായിരുന്നു കോര്‍പറേഷന്‍ ദുരിതാശ്വാസ സാമഗ്രികൾക്കായി കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. ഇതിനു പൊതുജനങ്ങളിൽ നിന്നും വൻ പിന്തുണ ലഭിക്കുകയും ചെയ്തു.

ഇതുവരെ അൻപത്തി അഞ്ചോളം ലോഡ് അവശ്യ വസ്തുക്കളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് അയച്ചത്. ഇനിയും ലോഡുകൾ കയറ്റിക്കൊണ്ടിരിക്കുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷന്‍ സെന്‍ററില്‍ മേയര്‍ക്ക് കരുത്തായി യുവാക്കളടങ്ങുന്ന വൻ സംഘം തുടർച്ചയായി ശേഖരണ പ്രവർത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏർപ്പെടുന്നുണ്ട്. നഗരസഭയിലെ പ്രോജക്ട് സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ച് ഗ്രീൻ ആർമിയിലെ വോളന്റിയർമാരിലൂടെയാണ് മേയർ നഗരസഭയുടെ കളക്‌ഷൻ സെന്റർ ചടുലമായി പ്രവർത്തിപ്പിക്കുന്നത്.

കോർപ്പറേഷന്റെ സ്തുത്യർഹമായ ഈ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു വൻ പ്രചാരം നൽകിയതോടെ മേയര്‍ വി.കെ. പ്രശാന്ത് താരമായി മാറുകയായിരുന്നു. “മേയർ ബ്രോ’ എന്ന വിളിപ്പേരും കിട്ടി. ഇടതടവില്ലാതെ സാധങ്ങൾ കയറ്റി അയക്കാൻ നേതൃത്വം നൽകുന്ന മേയറെ ട്രോളുകളുടെ രൂപത്തിൽ സ്നേഹിച്ചാണ് സോഷ്യൽ മീഡിയ തങ്ങളുടെ ആദരം പ്രകടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *