കൊച്ചി :
പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്ത് നാടിന്റെ അഭിമാനമായി മാറിയ നൗഷാദിന് ബ്രോഡ് വേയിലെ വ്യാപാരികള്‍ സ്വീകരണം നല്‍കി. തങ്ങളുടെ പ്രിയങ്കരനായ നൗഷാദിനെ വ്യാപാരികള്‍ ചേര്‍ന്ന് തോളിലെടുത്ത് അനുമോദന വേദിയിലെത്തിച്ചു. വ്യാപാരികളും നാട്ടുകാരുമായി നൂറുകണക്കിനു പേര്‍ നൗഷാദിനെ അനുമോദിക്കാന്‍ തടിച്ചു കൂടിയിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്ത നന്മക്ക് ലഭിക്കുന്ന അനുമോദനത്തിന് നന്ദിപറയാന്‍ വാക്കുകളില്ലെന്നാണ് നൗഷാദ് പറഞ്ഞത്.
തനിക്ക് ആളാകാനോ പ്രശസ്തി കിട്ടാനോ വേണ്ടിയല്ല ഇതൊന്നും ചെയ്തത്.
കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും എല്ലാവരും സഹായിക്കണം. അത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വലതുകൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന നിലപാടാണ് തനിക്കുള്ളതെന്നും നൗഷാദ് പറഞ്ഞു. താന്‍ ചെയ്തത് എല്ലാവര്‍ക്കും ഒരു മാതൃകയാകണം എന്നു മാത്രമാണ് ആഗ്രഹം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും തന്റെ സ്‌നേഹം നിറഞ്ഞ പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാകുമെന്നും നൗഷാദ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് വസ്ത്രങ്ങള്‍ ശേഖരിക്കാനായി ബ്രോഡ് വേയിലെത്തിയ സംഘത്തിന് എണ്ണം പോലും നോക്കാതെ നൗഷാദ് വസ്ത്രങ്ങള്‍ വാരി നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നൗഷാദ് നാടിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായത്. ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട നൗഷാദിന് ആദരമായി വലിയ ഫ്‌ളക്‌സുകളും വെച്ചിട്ടുണ്ട്.