Sat. Apr 20th, 2024
അട്ടപ്പാടി:

അട്ടപ്പാടിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഒമ്പതോളം ആദിവാസി ഊരുകളിലേക്കു ഇനിയും ഭക്ഷണം എത്തിച്ചിട്ടില്ലെന്നു പരാതി. സാമൂഹ്യ പ്രവർത്തകനായ സന്തോഷ് കുമാറാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

സന്തോഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒൻപതോളം ഊരുകൾ ഒറ്റപ്പെട്ടു ഭക്ഷണം ഇല്ലാതായെന്നു പറഞ്ഞിട്ട് മൂന്ന് ദിവസം ആയി. ഇതുവരെ സർക്കാരോ, പട്ടികവർഗ്ഗ വകുപ്പോ ഇവിടെ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടില്ല, വ്യക്തികളും സന്നദ്ധ സംഘടനകളും സഹായം നൽകിയതല്ലാതെ. നിരവധി സംഘടനകൾ സാഹായം നൽകാൻ തയ്യാറായി മുന്നോട്ട് വന്നെങ്കിലും സന്നദ്ധ സംഘടനകളെയും പൊതുപ്രവർത്തകരെയും സഹായിക്കാൻ സമ്മതിക്കാതെ ഇവിടെ ഒരുകുഴപ്പവും ഇല്ല, എല്ലാം ഉണ്ട് എന്നാണ് ITDP യും ജില്ലാ ഭരണകൂടവും പറയുന്നത്. വിഷയം വിവാദമായതോടെ അട്ടപ്പാടി ആനവായ് സ്കൂളിൽ ITDP ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ ഭക്ഷണ സാധനങ്ങൾ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ സംവിധാനവും പട്ടിക വർഗ്ഗവകുപ്പും. ആദിവാസികളുടെ ഫണ്ടുകൾ തൊലക്കാനോ?

കള്ള പ്രചാരണമാണെന്നു അധികൃതർ :

മൂന്നു ഊരുകളിലെ ആദിവാസി സുഹൃത്തുക്കളെ വിളിച്ചാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതെന്നു സന്തോഷ് കുമാർ പറയുന്നുണ്ടെങ്കിലും ഇത് കള്ള പ്രചാരണമാണെന്നാണ് പ്രൊജക്റ്റ് ഓഫീസർ പറയുന്നത്. ഗോട്ടിയാർക്കണ്ടി ഊരിലെ പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പ സമുദായത്തിൽപ്പെട്ട സുരേഷ് എന്ന വിദ്യാർത്ഥി ഈ മേഖലയിലെ ഊരുകളിലേക്കു ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത് ദുരിതാശ്വാസ സഹായങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് വേണ്ടിയാണെന്നും ഊരുകളിൽ പരമ്പരാഗത ധാന്യങ്ങൾ നീക്കിയിരുപ്പുണ്ട് എന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. പട്ടിക വർഗ്ഗ വകുപ്പിനെതിരെയും സർക്കാരിനെതിരെയും അവമതിപ്പുണ്ടാക്കുന്ന വാർത്തകൾ നൽകിയതിന് സുരേഷിനെതിരെ കേസെടുക്കുകയും ചെയ്തു.

ഇതൊരു സംഘപരിവാർ പ്രചാരണമോ?

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കു സഹായങ്ങൾ എത്തിയില്ലെന്നു സംഘ പരിവാർ പ്രചാരണങ്ങൾ മാത്രമാണെന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്. മലപ്പുറത്തെയോ,നിലമ്പൂരിലേയോ,വയനാട്ടിലേയോ പോലെ തീവ്രമായ ദുരന്തം അട്ടപ്പാടിയിൽ സംഭവിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *