കൊച്ചി:
നാലു ദിവസമായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്. ഞായറാഴ്ച ഉച്ചയോടെ വിമാനത്താവളം തുറന്നു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യം നെടുമ്പാശേരിയില്‍ പറന്നിറങ്ങിയത്. ഉച്ചക്ക് 12 മണിയോടെ വിമാനം റണ്‍വേയിലിറങ്ങി.
കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ആഗസ്റ്റ് എട്ടു മുതല്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന് പിന്‍വശത്തെ ചെങ്കല്‍ചോട്ടില്‍ ജലനിരപ്പുയര്‍ന്നതാണ് റണ്‍വേയില്‍ വെള്ളം കയറാന്‍ കാരണമായത്. ഇതോടെ വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചു.
ഞായറാഴ്ച മൂന്നുമണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയുകയും ജലനിരപ്പു താഴുകയും ചെയ്തതിനാല്‍ വളരെ നേരത്തേ തന്നെ റണ്‍വേ വൃത്തിയാക്കി വിമാനത്താവളം തുറക്കാന്‍ കഴിഞ്ഞു. ഓഫീസ്, ഗ്രൗണ്ട് ജീവനക്കാരും, ശുചീകരണ തൊഴിലാളികളും, ഫയര്‍ഫോഴ്‌സും വിശ്രമമില്ലാതെ പണിയെടുത്തതോടെ ഉച്ചക്കു മുമ്പുതന്നെ യാത്രക്കാരെ സ്വീകരിക്കാന്‍ നെടുമ്പാശേരി പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ തന്നെ ബോര്‍ഡിങ് പാസുകളും നല്‍കി തുടങ്ങിയിരുന്നു. പതിനൊന്നു മണിക്കു മുമ്പു തന്നെ റണ്‍വേ ഉള്‍പ്പെടെ വിമാനത്താവളം പൂര്‍ണമായി സജ്ജമായി. വിമാനത്താവളം അടച്ചതോടെ വിദേശത്തു കുടുങ്ങിപ്പോയ യാത്രക്കാരാണ് കൊച്ചിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ ബംഗളരുവില്‍ ഇറക്കിയിരുന്നു. എന്നാല്‍ ബംഗളുരുവില്‍ നിന്നും കേരളത്തിലേക്കുള്ള റോഡു മാര്‍ഗവും അടഞ്ഞതോടെ ഭൂരിഭാഗം യാത്രക്കാരെയും വിമാനക്കമ്പനികള്‍ തന്നെ തിരികെ മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളും രാജ്യാന്തര സര്‍വീസുകളും ഇന്നുമുതല്‍ ആരംഭിക്കുമെന്നാണ് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.