തിരുവനന്തപുരം:
മാധ്യമ പ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ , മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടർമാർ വിശദികരിക്കുന്നത്.
ചിലപ്പോൾ, സംഭവത്തെ കുറിച്ച് എന്നെന്നേക്കുമായി മറന്ന് പോകാനും സമ്മര്‍ദ്ദം ഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ, ശ്രീറാം എം.ബി.ബി.എസ്. പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെന്നും ഇവിടെയുള്ള ചില ഡോക്ടർമാർ ശ്രീറാമിന്റെ സഹപാഠികളാണെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീര്‍ മരിച്ചതിനെതുടര്‍ന്ന് റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമൻ , കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ഇദ്ദേഹത്തിന് മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ, അമിതമായി മദ്യം ഉപയോഗിക്കുന്നവരില്‍ സംഭവിക്കുന്ന ആല്‍ക്കഹോളിക് അംനേഷ്യ ഡിസോര്‍ഡറിന്‍റെ ഭാഗമാണ് ഈ അവസ്ഥയെന്നാണ് , കേരള പൊലീസിലെ മുന്‍ ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി പറയുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് വടക്കുംചേരി ഇക്കാര്യം പങ്കുവച്ചത്.
നിലവിൽ, ആരോഗ്യ പുരോഗതിയെ തുടർന്ന് ശ്രീറാമിനെ ഐ.സി.യുവിൽ നിന്നും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.