Mon. Dec 23rd, 2024
കൊച്ചി:

കഴിഞ്ഞ് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. പുഴയോരത്ത് താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷൻ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകി.

കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. നാളെ രാവിലെ ആറ് മണിമുതൽ മാത്രമേ രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയാണ് പുത്തുമല. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം.

വടകര വിലങ്ങാട് ഉരുൾപൊട്ടൽ മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായിയെന്നാണ് വിവരം, നാലുപേരെ കാണാതായി. വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഉരുൾപൊട്ടിയത്.

കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താൽകാലികമായി അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നും സിയാൽ അറിയിച്ചു. വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണം.

ചെങ്കൽചോട്ടിൽ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്. റൺവേയിലേക്ക് ഇതുവരെ വെള്ളം കയറിട്ടില്ല. എന്നാൽ ഈ നിലതുടർന്നാൽ രാത്രിയോടെ റൺവേയിൽ വെള്ളം കയറമെന്നതിനാൽ ഒരു മുൻകരുതൽ എന്നനിലയിലാണ് നടപടി എടുത്തതെന്നും അധികൃതർ വ്യക്തമാക്കി

 

അടിയന്ത സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട കേരള പോലീസ് നമ്പർ (അതാത് ജില്ലകളുടെ എസ്.ടി.ഡി. കോഡ് ചേർത്ത് വിളിക്കുക ) :

1070 , 1077

#keralaalerts

Leave a Reply

Your email address will not be published. Required fields are marked *