Wed. Nov 6th, 2024
#ദിനസരികൾ 841

എന്താണ് അവസാനം നമ്മുടെ ഇന്ത്യയിലെ ജനതയുടെ ഭാവി? രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും രാജ്യത്തെ തനതു മൂല്യങ്ങളെയൊക്കെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തിരിക്കുന്ന സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ നാളെ വരാനിരിക്കുന്ന തലമുറക്കു വേണ്ടി ആ വഴിക്കും ഒന്നു ചിന്തിക്കണമല്ലോ.

രാജ്യത്ത് ഹിന്ദു മുസ്ലിം – വിരോധത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള പല വിധ നീക്കങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മുസ്ലിം മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയത് ഏകദേശം അഞ്ചുനൂറ്റാണ്ടില്‍ അധികമായി മുസ്ലിം ആരാധന കേന്ദ്രമായി നിലനിന്നിരുന്ന ബാബറി മസ്ജിദ് ആർ.എസ്സ്.എസ്സിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ തല്ലിത്തകര്‍ത്തതിന് ശേഷമാണ്. ഈ നാട്ടില്‍ തങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്നും ഏതു സമയത്തും അക്രമിക്കപ്പെട്ടേക്കാമെന്നുമുള്ള ഒരു ധാരണ അക്കാലം മുതല്‍ മുസ്ലിം മനസ്സുകളെ വേട്ടയാടിപ്പോന്നു. എന്നു മാത്രമല്ല ഈ രാജ്യത്ത് തങ്ങള്‍ രണ്ടാംതരം പൗരന്മാർ ആയിത്തീർന്നുവെന്ന ആശങ്ക ബലപ്പെട്ടു. അങ്ങനെയുള്ള ആശങ്കകളേയും മറ്റും ബലപ്പെടുത്തുന്ന നീക്കങ്ങളാണ പിന്നീട് ഹിന്ദുത്വവാദികളുടെ ഭാഗത്തു നിന്നുമുണ്ടായത്. മുസ്ലിം സമൂഹത്തെ ശത്രുക്കളായി കണ്ടും വ്യാഖ്യാനിച്ചും തങ്ങളുടെ രാഷ്ട്രിയ മുന്നേറ്റങ്ങള്‍ക്ക് അനുരൂപമായ ഒരന്തരീക്ഷം നിര്‍മിച്ചെടുക്കാന്‍ അക്കൂട്ടര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി.

അത്തരത്തിലുള്ള ഇടപെടല്‍ കുതന്ത്രങ്ങളുടെ ഫലമായി തുടര്‍ച്ചയായി മൂസ്ലിം മതവിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ നടന്നു. അവരോടുള്ള എതിര്‍പ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരുപകരണമായി മാത്രം പശുവിനെ ഹിന്ദുവിന്റെ ചരിത്രത്തിലില്ലാത്ത വിധത്തില്‍ വിശ്വാസത്തിന്റെ പരിവേഷം നല്കി അവതരിപ്പിച്ചെടുത്തു. എന്നു മാത്രമല്ല, പശുഘാതകരാണെന്ന് ആക്ഷേപിച്ചുകൊണ്ട് മുസ്ലിം വിശ്വാസികളെ ശാരീരികമായി ആക്രമിക്കാനും അതുവഴി വര്‍ഗ്ഗീയത ജ്വലിപ്പിച്ചു നിറുത്താനുമുള്ള ഗൂഢാലോചനകള്‍ സംഘപരിവാരത്തിന്റെ കുടില ബുദ്ധിയില്‍ രൂപംകൊണ്ടു. അതിന്റെയൊക്കെ ഫലമായി ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഒരേയൊരു എതിരാളിയേയുള്ളുവെന്നും അത് ഇസ്ലാം മതവിശ്വാസികളാണെന്നുമുള്ള ധാരണയ്ക്ക് വേരു പിടിച്ചു. അത്തരത്തിലൊരു സമൂഹത്തെ തന്നെയാണ് സംഘപരിവാരം സൃഷ്ടിച്ചെടുക്കാന്‍ ഉത്സാഹിച്ചത്

അങ്ങനെ ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കിയെടുത്തുകൊണ്ടും  – പുല്‍വാമ ആക്രമണം സംഘടിപ്പിച്ചതുപോലും പോലും അത്തരത്തില്‍ ജനതകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ വര്‍ദ്ധിപ്പിക്കുവാനും വിഘടിപ്പിക്കുവാനുമുള്ള നീക്കമായിരുന്നു – അവര്‍ നമ്മുടെ രാജ്യത്ത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നുമൊക്കെ പ്രചരിപ്പിച്ചുകൊണ്ടും വീണ്ടും മോഡി അധികാരത്തിലെത്തി.

അതിനു ശേഷം നിലവിലുള്ള നിയമങ്ങളെയൊക്കെ മോഡിയും കൂട്ടരും പരിഷ്കരിച്ചെടുക്കാനും വരാനിരിക്കുന്ന ഏതോ ഒരു ശത്രുവിനെ ലക്ഷ്യം വെച്ച് ചൂണ്ടപ്പെട്ട ആയുധങ്ങളാക്കി മാറ്റുവാനുമുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു നല്കുന്നു. യു. എ. പി. എ. പരിഷ്കരിച്ചും  മുത്വലാക്ക് നിയമവിരുദ്ധമാക്കിയും ബി. ജെ. പി. നടത്തുന്ന ‘മുന്നേറ്റങ്ങള്‍’ മുസ്ലിം മനസ്സുകളിലെ വേവലാതികളെ വര്‍ദ്ധിപ്പിക്കുന്നതാണ്. അതോടൊപ്പം തന്നെ ഏകീകൃത സിവില്‍ നിയമവും അയോധ്യയിലെ ക്ഷേത്ര നിര്‍മാണവും വരാനിരിക്കുന്നു. അതായത് ആറെസ്സെസ്സിന്റെ ഉപദേശ നിര്‍‌ദ്ദേശങ്ങള്‍ സ്വീകരിച്ച് ഭരണം നടത്തുന്ന ബി ജെപി സര്‍ക്കാര്‍ എല്ലാത്തരം മുസ്ലിം ധാരണകളേയും അട്ടിമറിച്ചു കൊണ്ട് , ന്യൂനപക്ഷ മതസമൂഹമായ അവരെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉന്നം വെയ്ക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് വ്യക്തം.

ഇവിടെയാണ് എന്താണ് അവസാനം നമ്മുടെ, ഇന്ത്യയിലെ ജനതയുടെ ഭാവി? എന്ന ചോദ്യത്തെ വീണ്ടും നാം അഭിമുഖീകരിക്കുന്നത്. സത്യസന്ധമായി ഉത്തരം പറഞ്ഞാല്‍ വരാനിരിക്കുന്നത് കലാപങ്ങളുടെ നാളുകളാണ് എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കാഷ്മീര്‍ ഇനിയൊരിക്കലും ശാന്തമാകില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ മുസ്ലിം മതത്തിലെ ഒരു ന്യൂനപക്ഷം തീവ്രവര്‍ഗ്ഗീയതയുടെ പിന്നാലെ പുറപ്പെട്ടു കഴിഞ്ഞു. ഇനി അത് ഏറി വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. കാരണം അരക്ഷിതമായ ഒരു സാഹചര്യത്തില്‍ എത്ര നാളാണ് അടക്കിപ്പിടിച്ചും സഹിച്ചും ജീവിച്ചു പോകുക എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. തങ്ങളുടേതായ എല്ലാം നഷ്ടപ്പെട്ട് ഹിന്ദുത്വവാദികളുടെ വാറോലകള്‍ക്കു മുന്നില്‍ ശിരസ്സു നമിച്ച് എത്രകാലം കഴിഞ്ഞു പോകണം എന്ന ചിന്ത പലരിലും ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.

എല്ലാ വിധ സ്വസ്ഥതകളേയും അപഹരിക്കുന്ന ഒരു നാളെയാണ് വരാനിരിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

  

Leave a Reply

Your email address will not be published. Required fields are marked *