Thu. Apr 25th, 2024

പരീക്ഷകൾ ഉണ്ടായ കാലം മുതലേ കോപ്പിയടികളും, തിരിമറിയും ഒക്കെ ഉണ്ടല്ലോ..അവർക്കെതിരെ കേസെടുത്തില്ലേ? ആജീവാനന്തം വിലക്കിയില്ലേ? ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചല്ലോ..പിന്നെന്തിനാണ് യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്ന് എസ്.എഫ്.ഐ വിദ്യാർഥികൾ കോപ്പിയടിച്ചതിന് മാധ്യമങ്ങളും പ്രതിപക്ഷവും ഇങ്ങനെ ബഹളം വെക്കുന്നത്? പലരും ഉയർത്തുന്ന ചോദ്യമാണ്. പക്ഷെ വെറുമൊരു കോപ്പിയടി വിഷയം മാത്രമല്ല ഇതെന്ന് ഈ സംഭവം ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളോടുള്ള വഞ്ചന :

പി.എസ്.സി. നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലാണ് കൃത്രിമം നടന്നതായി വിജിലൻസ് സ്ഥിരീകരണം വന്നിരിക്കുന്നത്. ഈ പരീക്ഷ വെറുമൊരു ക്‌ളാസ് പരീക്ഷയല്ല. ആറര ലക്ഷം ഉദ്യോഗാർത്ഥികൾ ഒരു സർക്കാർ ജോലി എന്ന സ്വപ്ന സഫലീകരണത്തിനു വേണ്ടി വർഷങ്ങൾ ഉറക്കമൊളിച്ചു പഠിച്ച് വലിയ തയ്യാറെടുപ്പുകളോടെ എഴുതുന്ന പരീക്ഷയാണ്. അവരുടെ ഭാവി ജീവിതം തന്നെ നിർണ്ണയിക്കുന്ന പരീക്ഷയാണ്.

ലക്ഷങ്ങൾ എഴുതുന്നതുകൊണ്ടു തന്നെ പരീക്ഷ ചോദ്യങ്ങൾ വളരെ കടുപ്പമേറിയതും ആയിരുന്നു. കട്ട് ഓഫ് മാർക്ക് 29.67 ആയിരുന്നു. അങ്ങനെയൊരു നിർണ്ണായക പരീക്ഷയിലാണ് ഒന്നും പഠിക്കാതെ ഫോൺ വഴി ലഭിച്ച സന്ദേശങ്ങൾ പകർത്തി എഴുതി 78.33 മാർക്ക് നേടി ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടുന്നത്. പ്രണവ് 78 മാർക്ക് നേടി രണ്ടാം റാങ്ക് നേടുന്നു. അതേ രീതിയിൽ രണ്ടാം പ്രതി നസീമിന് 65.33 മാർക്കോടെ 28-ാം റാങ്കും കരസ്ഥമാക്കുന്നു. പരീക്ഷക്ക് കഷ്ടപ്പെട്ട് പഠിച്ചു തയ്യാറെടുത്ത ഉദ്യോഗാർത്ഥികൾ ഇതോടെ വിഡ്ഢികൾ ആകുകയായിരുന്നു.

ശിവരഞ്ജിത്തിന്റെയും, പ്രണവിന്റെയും ഒന്നും രണ്ടും റാങ്കുകൾ പി.എസ്.സി റദ്ദാക്കിയപ്പോൾ മാത്രമാണ് കൂലിപ്പണിയെടുത്ത് പി.എസ്.സി കോച്ചിങ്ങിനു പണം കണ്ടെത്തി പഠിച്ച ഒന്നാം റാങ്കിന്റെ യഥാർത്ഥ അവകാശിയായ അമലിനു അർഹതപ്പെട്ടത്‌ ലഭിക്കുന്നത്. അതായതു കത്തിക്കുത്ത് കേസ് ഇല്ലായിരുന്നെങ്കിൽ അമലിനു കിട്ടേണ്ട ഒന്നാം റാങ്കു കിട്ടുമായിരുന്നില്ല. ഈ പ്രതികൾ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തു പോകുമ്പോൾ ലിസ്റ്റിൽ താഴെ കിടന്ന കുറച്ചു പേർക്കെങ്കിലും സ്ഥാനക്കയറ്റം കിട്ടി റാങ്ക് ലിസ്റ്റിൽ കടന്നു കൂടി ജോലി സാധ്യത തെളിയുകയും ചെയ്തു.

പി.എസ്.സി യുടെ വിശ്വാസ്യത സംശയ നിഴലിൽ ;

പി.എസ്.സി യുടെ വിശ്വാസ്യതയിൽ പ്രതീക്ഷയർപ്പിച്ചാണ് ഓരോ ഉദ്യോഗാർത്ഥിയും പരീക്ഷ എഴുതുന്നത്. നമ്മുടെ എസ്.എസ്.എൽ.സി പരീക്ഷ പോലെ തന്നെ സുതാര്യമെന്നു പേര് കേട്ടതാണ് പി.എസ്.സി പരീക്ഷകളും. എന്നാൽ ഈ സംഭവത്തോടെ പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യതക്കും മങ്ങലേറ്റിരിക്കുകയാണ്.

എസ്.എഫ്. ഐ നേതാക്കളായ ശിവരഞ്ജിത്തും, നസീമും,പ്രണവും കേരള പോലീസിലെ കാസർകോട് ബറ്റാലിയനിലെ കോൺസ്റ്റബിൾ പരീക്ഷയാണ് എഴുതിയത്. സ്വാഭാവികമായും ഇവർക്ക് കാസർകോടാണ് പരീക്ഷ സെന്റർ അനുവദിക്കേണ്ടത്. എന്നാൽ ഇവർ ചിറയിൻകീഴ് താലൂക്കിലേക്കു പരീക്ഷ സെന്റർ മാറ്റി ചോദിച്ചപ്പോൾ പി.എസ്.സി അനുവദിക്കുകയായിരുന്നു. സാധാരണഗതിയിൽ കടുത്ത ശാരീരിക അവശത ഉള്ളവർക്ക് പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇങ്ങനെ അനുവദിക്കാറുള്ളത്. എന്നാൽ ഏതു ചട്ട പ്രകാരമാണ് ഇങ്ങനെ മാറ്റിക്കൊടുത്തതെന്നു വിശദീകരിക്കാൻ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല.

പി.എസ്.സി പരീക്ഷകളിൽ എ, ബി, സി, ഡി കോഡുകളിലാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കുന്നത്. ഒരു ക്‌ളാസിൽ പരീക്ഷക്കിരിക്കുന്ന 20 പേരിൽ അഞ്ച് പേർക്ക് മാത്രമാണ് ഒരേ കോഡ് ഉണ്ടാകുക. ശിവരഞ്ജിത്തിനും, നസീമിനും പ്രണവിനും ഒരേ കോഡിലുള്ള, അതായത്‌ ‘സി’ കോഡ് ചോദ്യക്കടലാസാണ് ലഭിച്ചത് എന്നത് വെറുമൊരു യാദൃശ്ചികതയായി കരുതാൻ കഴിയില്ല. ഇതോടെ ഇവർക്ക് മൂന്ന് പേർക്കും ഒരേ ക്രമത്തിലുള്ള ചോദ്യങ്ങൾ കിട്ടുമെന്ന് ഉറപ്പാക്കാൻ പി.എസ്.സി യിലെ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിരുന്നോ എന്നും സംശയം ഉയരുന്നു.

പി.എസ്.സി പരീക്ഷ ഹാളിൽ പ്രതികൾക്ക് നിർബാധം മൊബൈൽ ഫോൺ ഉപയോഗിക്കാൻ ആര് അവസരം നൽകി എന്നതിനും പി.എസ്.സി ഉത്തരം പറയേണ്ടതുണ്ട്. പരീക്ഷ തുടങ്ങി അവസാനം വരെ പ്രതികളുടെ ഫോണുകളിലേക്ക് നൂറുകണക്കിന് സന്ദേശങ്ങളിലൂടെ ഉത്തരങ്ങൾ പ്രവഹിക്കുകയായിരുന്നു. മുഴുവൻ സമയവും മൊബൈൽ ഫോൺ ഉപയോഗിക്കാതെ അത് മുഴുവൻ പകർത്തി എഴുതി ഒന്നാം റാങ്ക് വാങ്ങുവാൻ പ്രതികൾക്ക് കഴിയില്ല. അതിനാൽ തന്നെ അന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ കണ്ണടച്ചു എന്ന് ഉറപ്പിക്കാം. തങ്ങൾക്കു വേണ്ടപ്പെട്ട ഇൻവിജിലേറ്റർമാരെ നിയോഗിക്കാൻ പി.എസ്.സി പ്രതികൾക്ക് സഹായം ചെയ്തിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

പരീക്ഷ തുടങ്ങിയപ്പോൾ പ്രതികൾ തന്നെയാണോ ചോദ്യപേപ്പർ പുറത്തു എത്തിച്ചത് അല്ലെങ്കിൽ പി.എസ്.സിയിൽ നിന്ന് തന്നെ ചോദ്യങ്ങൾ ചോർന്നിരുന്നോ എന്നും ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പോലീസിലെ ക്രിമിനൽവൽക്കരണം :

പി.എസ്.സി. യുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തിരിമറി നടത്തി ആദ്യ സ്ഥാനങ്ങൾ നേടിയ എസ്.എഫ്.ഐ നേതാക്കൾ തികഞ്ഞ ക്രിമിനലുകൾ ആയിരുന്നു എന്നതാണ് വസ്തുത. കോളേജിൽ സ്വന്തം പാർട്ടിക്കാരനായ വിദ്യാർത്ഥിയെ കുത്തിയെന്നു മാത്രമല്ല, രണ്ടാം പ്രതി നസീം ഒരു ട്രാഫിക് പോലീസുകാരനെ ക്രൂരമായി മർദ്ദിച്ചു ആഴ്ചകളോളം ഒളിവിലായിരുന്ന പ്രതിയുമാണ്. കത്തിക്കുത്ത് കേസ് ഇല്ലായിരുന്നെങ്കിൽ ഈ പ്രതികൾ എല്ലാം തന്നെ പോലീസിൽ ഉടൻ നിയമനം നേടുകയും ഭരണത്തിന്റെ ആനുകൂല്യത്തിൽ അവർക്കു താല്പര്യമുള്ള പോലീസ് സ്റ്റേഷനുകളിൽ എത്തുകയും ചെയ്യുമായിരുന്നു. ക്രിമിനൽ സ്വഭാവങ്ങൾ ഉള്ളവർ പോലീസിൽ വന്നാൽ ഉണ്ടാകുന്ന അപകടങ്ങൾ നെടുങ്കണ്ടത്തും, വടക്കൻ പറവൂരിലും ഈയിടെ ഉണ്ടായ കസ്റ്റഡി മരണങ്ങളിലൂടെ കേരള ജനത മനസ്സിലാക്കിയാണ്.

വ്യാജ സ്പോർട്ട്സ് സർട്ടിഫിക്കറ്റുകൾ :

വ്യാജ സ്പോർട്ട്സ് സർട്ടിഫിക്കറ്റുകളോ, അപ്രധാനമായ സ്പോർട്സുകളിൽ പങ്കെടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നിർമ്മിച്ചു പി.എസ്.സി പരീക്ഷയിൽ മാർക്ക് വാങ്ങുന്ന രീതിയും വെളിപ്പെട്ടിരിക്കുകയാണ്. സ്പോര്‍ട്സ് ക്വാട്ടയിലാണ് ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈയിനത്തില്‍ 13.58 മാർക്കാണ് ശിവരഞ്ജിത്തിനു ലഭിച്ചത്. ശിവരഞ്ജിത്തിന്റ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും, സീൽ പതിച്ച രേഖകളും കണ്ടെത്തിയിരുന്നു. ഓരോ മാർക്കിന് വേണ്ടിയും പരീക്ഷാർത്ഥികൾ കഷ്ടപ്പെട്ട് പഠിക്കുമ്പോൾ ആണ് കൃത്രിമ മാർഗ്ഗത്തിലൂടെ ഇത്തരക്കാർ ഇത്രയും മാർക്കുകൾ നേടിയെടുക്കുന്നത്.

കോപ്പിയടിയിലൂടെ ബിരുദവും :

ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തിന്റെ നിഴലിലാണ്. ആദ്യ സെമസ്റ്ററുകളില്‍ ശിവരഞ്ജിത്തിന് മാര്‍ക്ക് വളരെ കുറവായിരുന്നു.ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രം. സപ്ലിമെന്ററി പരീക്ഷയില്‍ നാലാം ശ്രമത്തിലാണ് ആദ്യ സെമസ്റ്റര്‍ പാസായത്.

എന്നാൽ അതേ വിദ്യാർത്ഥി അവസാന രണ്ട് സെമസ്റ്ററുകളില്‍ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയിട്ടുള്ളത്. അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്ക് ലഭിച്ചു. മറ്റ് വിഷയങ്ങളിലും അവസാന സെമസ്റ്ററുകളില്‍ ഉയര്‍ന്ന മാര്‍ക്കുണ്ട്. ഈ പൊരുത്തക്കേടും വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതും തമ്മിൽ കൂട്ടി വായിച്ചാൽ ഇതിലെ കോപ്പിയടി വ്യക്തമായി മനസ്സിലാകും.

പരീക്ഷ ഹാളിലെത്തി ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും ഇംഗ്ലീഷില്‍ എഴുതിയ മലയാളം സിനിമപ്പാട്ടുകളുമാണെന്നും കണ്ടെത്തിയിരുന്നു. പരീക്ഷാ ചുമതലയുള്ളവരുടെ തെറ്റിദ്ധരിപ്പിക്കാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് ജീവനക്കാരുടെ സഹായത്തോടെ തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള നാടകമായിരുന്നു പ്രണയ ലേഖനങ്ങൾ.

പ്രതികൾക്ക് ഉത്തരം അയച്ചു കൊടുത്തത് പോലീസുകാരൻ :

പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ ഫോണിലേക്ക് എസ്.എം.എസ് അയച്ചിരിക്കുന്നത് കല്ലറ സ്വദേശി ഗോകുൽ ആണ്. ഇയാൾ പേരൂർക്കട എസ്.എ.പി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറാണ്. 2017-ൽ സർവീസിൽ പ്രവേശിച്ച ഇയാൾക്ക് എങ്ങനെ ചോദ്യങ്ങൾ കിട്ടി എന്നതും ദുരൂഹമാണ്. ഒരു സർക്കാർ ജീവനക്കാരൻ പി.എസ്.സി പരീക്ഷ അട്ടിമറിക്കാൻ നടത്തിയ ശ്രമത്തിനു സർക്കാർ ഉത്തരം പറയേണ്ടതുണ്ട്.

കൊടി പിടിച്ചതിനു പ്രത്യുപകാരം സർക്കാർ ജോലിയോ? :

പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് ഉത്തരം എഴുതി എന്നതിലൂടെയും,വീട്ടിൽ നിന്നും പരീക്ഷ ഉത്തരക്കടലാസ് കണ്ടെത്തി എന്നതിലൂടെയും ബിരുദം നേടാനും, ജോലി കിട്ടാനും ഇത്തരം വിദ്യാർത്ഥികൾക്ക് ഉദ്യോഗസ്ഥ രാഷ്ട്രീയ സഹായം ലഭിക്കുന്നു എന്നതിൽ തർക്കമില്ലാതാകുകയാണ്. കോളേജുകളിൽ യൂണിറ്റ് ശക്തിപ്പെടുത്താനും സമരങ്ങൾ നടത്താനും മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥി നേതാക്കൾക്ക് പ്രത്യുപകാരമായി ഭരണത്തിന്റെ സ്വാധീനത്തിൽ സർക്കാർ ജോലി നേടാൻ ഭരണപക്ഷ പാർട്ടികൾ ഒത്താശ ചെയ്തു കൊടുക്കുന്നു എന്ന ആരോപണം ഈ സംഭവത്തോടെ ശക്തമായി. സർക്കാർ സർവീസിൽ എത്തുന്നതോടെ ഇവരുടെ സേവനം സർവ്വീസ് സംഘടനകളിലൂടെ തുടർന്നും ലഭിക്കുന്നു. അതോടൊപ്പം താക്കോൽ സ്ഥാനങ്ങളിൽ ഇത്തരം വിശ്വസ്തരെ നിയമിക്കാനും പാർട്ടിക്ക് സാധിക്കുന്നു.

എസ്.എഫ്.ഐ എന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം കൂടി ഉത്തരം പറയേണ്ട വിഷയങ്ങൾ ഇതിലുണ്ട്. ആദ്യ ഘട്ടങ്ങളിൽ കുത്തു കേസിൽ പെട്ടവർക്ക് പത്താം ക്ലാസ് മാത്രം യോഗ്യത ആവശ്യമുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൂടേ എന്ന് ചോദിച്ചു അവരുടെ നേതാക്കൾ രംഗത്ത് വന്നത്. ഡി.വൈ.എഫ്.ഐയിൽ ഉൾപ്പടെയുള്ള ഇടതു നേതാക്കൾ എല്ലാം ഇതിനെ പ്രതിരോധിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തെ എതിർത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹിം തന്നെ രംഗത്ത് വന്നിരുന്നു.

സി.ബി.ഐ പിന്നീട് ശിവരഞ്ജിത്തിനെ വീട്ടിൽ നിന്നും ഉത്തര പേപ്പർ കണ്ടെത്തുന്നത് മുതലാണ് പ്രതികളെ സംഘടനയിൽ നിന്നും പുറത്താക്കി ഒറ്റപ്പെട്ട സംഭവമാക്കി മുഖം രക്ഷിക്കാൻ തുടങ്ങിയത്. അതോടൊപ്പം എസ്.എഫ്.ഐ യുടെ യൂണിറ്റ് റൂമിൽ നിന്നും ഉത്തരക്കടലാസ് ഉൾപ്പടെ കണ്ടെത്തിയതും വാർത്ത ആയതാണ്. ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് ശിവരഞ്ജിത്തിന് എസ്.എം.എസ് അയച്ചവരിൽ ഒരാൾ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായ അർജുൻ ആണെന്നാണ്. എസ്.എഫ്.ഐയുടെ മുൻ യൂണിറ്റ് ഭാരവാഹിയാണ് മുട്ടത്തറ സ്വദേശിയായ അർജുൻ.

ഇത്തരം സംഭവങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് മുൻകാലങ്ങളിൽ പി.എസ്.സി വഴി സർക്കാർ ജോലി നേടിയിട്ടുള്ള നേതാക്കളെ കുറിച്ചും അന്വേഷണം വേണമെന്നും അത് ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്ന ആവശ്യം ഉയരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *