Thu. Mar 28th, 2024
#ദിനസരികൾ 840

ചാനല്‍ ഇരുപത്തിനാലില്‍ അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയില്‍ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യരെ വിചാരണ ചെയ്യുന്ന എപ്പിസോഡുകള്‍ നിങ്ങള്‍ കണ്ടുവോ? ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചില പൊതുവായ കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. ഒന്നിനെപ്പറ്റിയും ശരിയായ ഒരു ധാരണയുമില്ലാത്ത എന്നാല്‍ അപകടകരമായ ഒരുപാടു ധാരണകളെ വ്യക്തിപരമായ അനുഭവം എന്ന നിലയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന വെറുമൊരു വിഡ്ഢി മാത്രമാണ് മോഹന്‍ വൈദ്യര്‍ എന്ന് ആ പരിപാടി അടിവരയിട്ടു പറയുന്നു.

ശരീരത്തെ സംബന്ധിച്ചും രോഗത്തെ സംബന്ധിച്ചും അയാള്‍ക്ക് ഒന്നുമറിയില്ല. ശാസ്ത്രത്തിന്റെ പരീക്ഷണ നിരീക്ഷണ രീതികളെന്താണെന്ന് അറിയില്ല. മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ചത്തിക്കുന്നതെങ്ങനെയെന്നും രോഗാതുരമായ ആന്തരികാവയവങ്ങളെ ചികിത്സിക്കുന്നതെങ്ങനെയെന്നും അറിയില്ല. വൈറസുകളെ അയാള്‍  കണ്ടിട്ടില്ലാത്തതുകൊണ്ട് അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കില്ല. പ്രതിരോധ കുത്തിവെപ്പുകളെ കണ്ണുമടച്ച് എതിര്‍ക്കുന്നു. സമൂഹത്തില്‍ നിന്നും വ്യാധികള്‍ തുടച്ചു നീക്കുവാന്‍ വാക്സിനുകള്‍ വഹിച്ച പങ്കുകളെ തള്ളിക്കളയുന്നു. നിപയടക്കമുള്ളവ വെറും രാഷ്ട്രീയമായ കുപ്രചാരണങ്ങള്‍ മാത്രമാണെന്ന് സിദ്ധാന്തിക്കുന്നു. ഹൈപ്പറ്റെറ്റിസുകള്‍ താന്‍ നേരിട്ട് ശരീരത്തിലേക്ക് കുത്തിവെച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. തന്റെ ശരീരം ഗ്രൂപ്പു നോക്കാതെ ഏതു രക്തത്തേയും സ്വീകരിക്കുമെന്നും ഗ്രൂപ്പൊക്കെ വെറും തട്ടിപ്പുകളാണെന്നും ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തിന്റേതായ മുഴുവന്‍ മുന്നേറ്റങ്ങളേയും അവഹേളിക്കുകയും അവഗണിക്കുകയും അവയൊക്കെ മരുന്നു കമ്പനികള്‍ നടത്തുന്ന ഗൂഢാലോചനകളാണെന്ന് സ്ഥാപിക്കുവാന്‍ വ്യഗ്രതപ്പെടുകയും ചെയ്യുന്നു.

കുറേ പുസ്തകങ്ങള്‍ എടുത്തു കാണിച്ചു കൊണ്ട് അതിലിങ്ങനെയുണ്ട്, ഇത് ഇങ്ങനെ പറയുന്നു, അടിവരയിട്ടിരിക്കുന്ന ഭാഗം മറ്റൊന്നാണ് പറയുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ട് താന്‍ പറയുന്നതിന് ആധികാരികതയുണ്ടെന്ന് സ്ഥാപിച്ചെടുക്കാനും അവയൊക്കെ താന്‍ വായിച്ചു പഠിച്ചതാണെന്ന് അഭിനയിക്കാനും അദ്ദേഹം ശ്രമിക്കുന്നു. എന്നാല്‍ അവയെല്ലാം അദ്ദേഹം തെറ്റായിട്ടാണ് ധരിച്ചു വെച്ചിരിക്കുന്നതെന്ന് സ്ഥാപിച്ചാല്‍ പോലും അംഗീകരിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ലെന്നതാണ് വസ്തുത.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തനിക്കു കേവലം പത്താംക്ലാസു മാത്രമാണ് വിദ്യാഭ്യാസമുള്ളതെന്നു അതുകൊണ്ടു തന്നെ ഇതൊന്നും എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലെന്നുമാണ് മറുപടി. എന്നാല്‍ നീണ്ട കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാനവ സമൂഹം ആര്‍ജ്ജിച്ചെടുത്ത ശാസ്ത്രീയാവബോധങ്ങളെ ആക്ഷേപിക്കുവാനും തെറ്റെന്നു പറഞ്ഞുകൊണ്ട് തള്ളിക്കളയുവാനും അദ്ദേഹത്തിനൊരു യാതൊരു മടിയുമില്ല.

എന്നാലും അദ്ദേഹത്തിനെ നിരവധിയാളുകള്‍ വിശ്വസിക്കുകയും അസുഖങ്ങള്‍ക്ക് അയാളുടെ മരുന്നുകളെ സേവിക്കുകയും ചെയ്യുന്നു. അയാള്‍ പറയുന്ന വിഡ്ഢിത്തങ്ങളെ സ്വീകരിക്കുവാനും അവയ്ക്ക് സിന്ദാബാദ് വിളിക്കുവാനും അനുയായികളെന്ന് അവകാശപ്പെടുന്ന വിഡ്ഢിക്കൂട്ടങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല.എന്നു മാത്രവുമല്ല മോഹനന്‍ വൈദ്യരുടെ കൂടെക്കൂടി ആര്‍പ്പുവിളിച്ചും അട്ടഹസിച്ചും അവര്‍ നാട്ടിലാകെ ഈ വിവരക്കേടുകളെ വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ കൂടെ ആളെക്കൂട്ടാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

ഈ മോഹനന്‍ വൈദ്യരെപ്പോലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായും . അയാള്‍ക്കും രാജ്യത്തെക്കുറിച്ചോ അതിന്റെ വൈവിധ്യങ്ങളെക്കുറിച്ചോ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളെക്കുറിച്ചോ ഒന്നുമറിയില്ല. ഈ രാജ്യത്തെ രാജ്യമായി നിലനിറുത്തുന്ന ആന്തരിക ബലങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. നീണ്ട കാലമായി ഈ നാടിനെ ഇന്നു കാണുന്ന തരത്തില്‍ പരുവപ്പെടുത്തിയെടുക്കാന്‍ ഈ ജനത നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. അതിലൊന്നിലും അമിത് ഷായോ അദ്ദേഹത്തിന്റെ മുന്‍തലമുറയോ ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.

വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറഞ്ഞും മതത്തേയും വിശ്വാസത്തേയും സമര്‍ത്ഥമായി ഉപയോഗിച്ചും ജനതയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തിയ വര്‍ഗ്ഗീയ കക്ഷിയുടെ നേതാവിന് ഈ നാട്ടില്‍ നിലനില്ക്കുന്ന മൂല്യങ്ങളൊന്നും ഒരു കാലത്തും മൂല്യങ്ങളായിരുന്നില്ല. അവയെയൊക്കെ നിഷ്കരണം തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആശയങ്ങള്‍ ഈ രാജ്യത്തെത്തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുന്നു.അതിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ് കാശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക അവകാശങ്ങളെ എടുത്തു കളഞ്ഞുകൊണ്ട് അമിത് ഷാ നടത്തിയത്.

എന്നാലും മോഹനന്‍ വൈദ്യര്‍ക്കുള്ളതിനെക്കാള്‍ പതിന്മടങ്ങു ബലവാന്മാരായ ആളുകള്‍ അമിത് ഷായ്ക്കു വേണ്ടി സിന്ദാബാദ് വിളിക്കാന്‍ വെമ്പി നില്ക്കുന്നുവെന്നതാണ് മറ്റൊരു സാമ്യം.അവരും ഇതര ശബ്ദങ്ങളെ കേള്‍ക്കുന്നേയില്ലെന്നു മാത്രമല്ല , ഒച്ചപ്പാടുണ്ടാക്കിയും വെല്ലുവിളിച്ചും ഇല്ലാതാക്കാനും ശ്രമിക്കുന്നു. ശരി എന്താണെന്നല്ല തങ്ങള്‍ പറയുന്നതാണ് ശരിയെന്നാണ് അവര്‍ വാദിക്കുന്നത്.ചരിത്രത്തെ മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കുന്നില്ല. മോഹനന്‍ വൈദ്യര്‍ ചികിത്സിക്കുന്ന രോഗിയെപ്പോലെ ഇന്ത്യയും ഇങ്ങിനി തിരിച്ചുവരാന്‍ അസാധ്യമായ വിധത്തില്‍ തന്റെ കെട്ടകാലത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഖേദപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ !

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

  

 

Leave a Reply

Your email address will not be published. Required fields are marked *