കൊച്ചി :
മതിയായ ഗുണനിലവാരമില്ലെന്ന പരാതിയെ തുടർന്ന്, ചെന്നൈ ഐ.ഐ.ടി.യില്‍ നിന്നുവന്ന സംഘം, കൊച്ചി വൈറ്റില മേല്‍പ്പാലം പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് സംഘം, സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.
വൈറ്റില മേല്‍പ്പാലനിർമാണത്തിന്റെ മേൽനോട്ടചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു നേരത്തെ, പാലത്തിന്റെ കോണ്‍ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലായെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ തുടർന്നാണ്, ഐ.ഐ.ടി. വിദഗ്ധര്‍ പരിശോധന നടത്താൻ എത്തിയത്. ഒരു ഗര്‍ഡറിനും പിയര്‍ ക്യാപ്പിനും സ്ലാബിനും കോണ്‍ക്രീറ്റിനും മതിയായ ബലമില്ലെന്നായിരുന്നു റിപോര്‍ട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം കേരളത്തിലെ രണ്ട് ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയെത്തിയ ഐ.ഐ.ടി സംഘം സ്ലാബും തൂണുമെല്ലാം വിശദമായി പരിശോധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ, പാലം നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥ വീഴ്ചയെ ചൊല്ലിയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നിര്‍മാണപ്രവർത്തനങ്ങളിലെ പ്രശ്നങ്ങളെ കൂടാതെ ഉദ്യോസ്ഥരുടെ മേല്‍നോട്ടമില്ലാത്തത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളിൽ ഉള്ളത്. ആദ്യ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ നേരത്തെ സസ്പെന്‍ഷനിലായ അതെ ഉദ്യോഗസ്ഥ തന്നെയാണ് മറ്റു രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി നല്കിയിരുന്നത്. നിലവാര പരിശോധന ഫലങ്ങള്‍, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ ആവശ്യപ്പെട്ട നിലവാര പരിശോധനാ ഫലങ്ങളും നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.