വയനാട്:
എഫ്.സി.സി സന്യാസ സഭയില്‍ നിന്നും തന്നെ പുറത്താക്കിയ സഭാ നേതൃത്വത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. പത്തുദിവസത്തിനകം മഠം വിട്ടുപോകമെന്നാണ് സഭാ നേതൃത്വം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ഇറങ്ങിപ്പോകാന്‍ കഴിയില്ലെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരം ചെയ്തതിനാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയത്. ബുധനാഴ്ച രാവിലെയാണ് സിസ്റ്റര്‍ ലൂസിക്ക് ആലുവയിലെ മദര്‍ ജനറലിന്റേതായി നാലുപേജുള്ള കത്ത് ലഭിച്ചത്. മെയ് 11ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിന്റെ ഒറ്റക്കെട്ടായ തീരുമാന പ്രകാരമാണ് പുറത്താക്കല്‍ നടപടി എന്നാണ് കത്തില്‍ പറയുന്നത്. സിസ്റ്ററിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്റെ അനുമതിക്കായി അയച്ച കത്തിന്റെ പകര്‍പ്പും ഇതിലുണ്ടായിരുന്നു.
എന്നാല്‍ സഭാ നേതൃത്വത്തിന്റെ തീരുമാനം അത്ര പെട്ടെന്നൊന്നും നടപ്പാകാന്‍ പോകുന്നില്ലെന്നും തനിക്ക് എത്രത്തോളം സഭയില്‍ തുടരാന്‍ കഴിയുമോ അത്രയും നാള്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു. അതിന് നിയമപരമായ നടപടി വേണമെങ്കില്‍ അതിനും തയ്യാറാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നുരാവിലെ എട്ടേ മുക്കാലോടെ ആലുവയിലെ മദര്‍ ജനറാളിന്റെ ഓഫീസില്‍ നിന്നുള്ള കത്തുമായി മാനന്തവാടി പ്രൊവിന്‍ഷ്യലും മറ്റൊരു കന്യാസ്ത്രീയും കൂടി മഠത്തില്‍ എത്തിയത്. കത്തു വായിക്കുന്നതിനു മുമ്പു തന്നെ കൈപ്പറ്റിയതായി ഒപ്പിട്ടു വാങ്ങാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം വായിച്ചതിന് ശേഷമാണ് താന്‍ ഒപ്പിട്ടു നല്‍കിയത്. നാല് പേജുള്ള കത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നു എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
സിസ്റ്റര്‍ എന്ന് പോലും സംബോധന ചെയ്യാതെ ആണ് കത്ത് എഴുതിയിരിക്കുന്നത്. വായിച്ചതിന് ശേഷമേ ഒപ്പിടൂ എന്ന് നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ് അതിലെഴുതിയ കാര്യം മനസ്സിലാക്കാനായത്. എഫ്.സി.സി സന്യാസ സഭയുടെ ഒരു തെറ്റായ നടപടിയായി മാത്രമേ തനിക്കിതിനെ കാണാന്‍ കഴിയൂ. ഇതിന് മുമ്പ് സഭ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ക്ക് നല്‍കിയ മറുപടികള്‍ തൃപ്തികരമല്ല എന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
യാതൊരു വിശദീകരണത്തിനുമുള്ള അവസരവും കത്തില്‍ സൂചിപ്പിച്ചിട്ടില്ല. സഭയില്‍ നിന്നും ഡിസ്മിസ് ചെയ്തിരിക്കുന്നു എന്നു മാത്രമാണ് കത്തില്‍ പറയുന്നത്. വേണമെങ്കില്‍ ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ചുമതലയുള്ള അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ സമീപിക്കാം അതുവരെ നടപടി സസ്‌പെന്‍ഡു ചെയ്തു നിര്‍ത്താം എന്നും മാത്രമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ഒപ്പം നിന്ന തന്റെ നിലപാട് ശരിയായിരുന്നു എന്നും സിസ്റ്റര്‍ ലൂസി കളപ്പുര വിശദീകരിച്ചു. സമരത്തില്‍ പങ്കെടുത്തതും മാധ്യമങ്ങളോട് സംസാരിച്ചതും ഒരിക്കലും തെറ്റാകുന്നില്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കേണ്ടത് സഭയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
നിലവില്‍ മഠത്തിനകത്ത് വലിയ വിവേചനമാണ് താന്‍ അനുഭവിക്കുന്നത്. ഒപ്പമുള്ള സിസ്റ്റര്‍മാര്‍ സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. ആഹാരത്തിനു പോലും ബുദ്ധിമുട്ടാണ്. അതേസമയം എല്ലാം സമാധാനത്തോടെ കൈകാര്യം ചെയ്യാം എന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. എന്നാല്‍ മഠത്തില്‍ നിന്ന് പുറത്താക്കിയ കത്ത് കൂടി കിട്ടിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി. സത്യത്തെ സ്‌നേഹിക്കുന്ന മനുഷ്യരുടെ പിന്തുണയാണ് ഇനി തനിക്കാവശ്യമെന്നും ലൂസി കളപ്പുര പറഞ്ഞു. നിയപോരാട്ടം ആവശ്യമെങ്കില്‍ അതിനും തയ്യാറാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി.