Thu. Mar 28th, 2024
ന്യൂഡൽഹി:

കശ്മീർ വിഭജനത്തെ തുടർന്ന് ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു. യു.എൻ. രക്ഷാസമിതിയെ സമീപിക്കാനാണു പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യൻ നടപടിക്കെതിരെ യുഎൻ സെക്രട്ടറി ജനറലിന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തേ കത്തെഴുതിയിരുന്നു. യുഎന്നിനെ സമീപിക്കുന്നതിനോടൊപ്പം ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും ഇന്ത്യയ്‌ക്കൊപ്പമുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കുക കൂടി ചെയ്യുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.

പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിനു ശേഷമാണ് കശ്മീർ വിഷയത്തിൽ സ്വീകരിക്കാനിരിക്കുന്ന നടപടികളെ കുറിച്ചു പാക്കിസ്ഥാൻ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14–ന് കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിനമായി ആചരിക്കാനാണു യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കം ചെയ്ത ഇന്ത്യൻ നടപടി പുൽവാമയിലുണ്ടായതുപോലെയുള്ള ഭീകരാക്രമണങ്ങൾക്കും ഇന്ത്യ–പാക്ക് യുദ്ധത്തിനും കാരണമായേക്കുമെന്ന് ഇമ്രാൻ ഖാൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യാനായി പാർലമെന്റിന്റെ ഇരുസഭകളെയും വിളിച്ചുകൂട്ടി നടത്തിയ പ്രത്യേക സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കവെയാണ് ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ യുദ്ധത്തിൽ ആരും ജയിക്കില്ല. എന്നാൽ, ഇത് ആഗോള പ്രത്യാഘാതങ്ങളുണ്ടാക്കും, ഇമ്രാൻ ഖാൻ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *