ന്യൂഡല്‍ഹി:
ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വൈകിട്ട് മൂന്നുമണിക്ക് ന്യൂഡല്‍ഹി ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഷമ സ്വരാജ് രാത്രി 10.50 ഓടെയാണ് മരണമടയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഭൗതികശരീരം എയിംസ് ആശുപത്രിയില്‍ നിന്നും ജന്തര്‍ മന്ദറിലെ വസതിയിലെത്തിച്ചു. ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ല, തുടങ്ങിയവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദില്ലിയിലെ വസതിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്താണ് പൊതുദര്‍ശനം.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ്ര മോദി മന്ത്രി സഭയിലുമായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും സുഷമാ സ്വരാജായിരുന്നു.
മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്‌സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് അടുത്ത കാലത്തായി സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നിരുന്ന സുഷമാ സ്വരാജ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികള്‍ കൂടിയായിരുന്നു ഇവര്‍. ബന്‍സൂരി ഏക മകളാണ്.