ന്യൂഡൽഹി:
ഇനി മുതൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ലഡാക്കിലെ താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച ഈ പുതിയ സാഹചര്യത്തിലാണ്, ലഡാക്കില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കാം എന്ന ഈ പരിഷ്കരിച്ച നിലപാട്, വിനോദ് റായ് അറിയിച്ചു.
ലഡാക്കിനായി ഒരു പ്രത്യേക സംസ്ഥാന ഘടകം രൂപീകരിക്കാനുള്ള ആലോചന ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിനില്ല. ആയതിനാലാണ്, ഈ തീരുമാനമെടുത്തത്.
നേരത്തെ, ജമ്മു കശ്മീരിന്റെ രഞ്ജി ടീമില്‍ ലഡാക്ക് താരങ്ങള്‍ക്ക് കളിക്കുവാനുള്ള അനുമതി ഉണ്ടായിരുന്നില്ല.
ഡിസംബര്‍ മുതലാണ് പുതിയ രഞ്ജി സീസണിന് ഇന്ത്യയില്‍ തുടക്കമാവുന്നത്.
നിലവില്‍ കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഡിന് ലഭിക്കുന്ന പരിഗണന തന്നെയാകും ലഡാക്കിനും ഉണ്ടാവുക. ഛണ്ഡീഗഡില്‍ നിന്നുള്ള താരങ്ങള്‍ക്ക് പഞ്ചാബിനോ, ഹരിയാനയ്‌ക്കോ വേണ്ടി കളിക്കാനുള്ള അനുവാദമാണ് ബി.സി.സി.ഐ. നല്‍കിയിട്ടുള്ളത്.
കേന്ദ്രഭരണ പ്രദേശമായെങ്കിലും ജമ്മു കശ്മീരിന്റെ ക്രിക്കറ്റ് ഭൂപടത്തിന് മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. കഴിഞ്ഞവര്‍ഷത്തെപോലെ ഇത്തവണയും ജമ്മു കശ്മീര്‍ ടീം ശ്രീനഗറില്‍ ഹോം മത്സരങ്ങള്‍ കളിക്കുമെന്ന് റായ് വ്യക്തമാക്കി.