Wed. Jan 22nd, 2025
ദില്ലി:

കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു കശ്മീർ വിഭജനം. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യക്കാരാകട്ടെ, ഗൂഗിളില്‍ കാശ്മീരിലെ
ഭൂമിയുടെ വില തിരയുകയായിരുന്നു എന്ന് പറഞ്ഞാല്‍, വിശ്വസിക്കുമോ?…

എന്നാൽ അതാണ് യാഥാർഥ്യം, ആര്‍ട്ടിക്കിള്‍ 370 ഉം 35എ എന്ന നിയമവും നിലനില്‍ക്കുന്നതിനാല്‍ ജമ്മു കാശ്മീര്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് അത് ഇന്ത്യന്‍ രാഷ്ട്രപതി ആയാല്‍ പോലും അവിടെ ഒരിഞ്ചു ഭൂമി വാങ്ങുവാന്‍ അനുമതി ഇല്ലായിരുന്നു. എന്നാല്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയതോടെ ഇത് സാധ്യമാകും. ഇതാണ് ഗൂഗിളിൽ ജമ്മു കശ്മീരിലെ ഭൂമിയെക്കുറിച്ച് തിരച്ചിലുകൾ നടത്തുവാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്.

പ്രധാനമായും ഗൂഗിളിൽ തിരയപ്പെട്ട വിവരങ്ങൾ ഇവയാണ്; കശ്മീരിലെ പ്രോപ്പര്‍ട്ടി വില, കശ്മീരിലെ ഭൂമി വില, കശ്മീരിലെ ഭൂമി ഇടപാടുകാര്‍, പിന്നെ കശ്മീരില്‍ എങ്ങനെ ഭൂമി വാങ്ങാം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ സെര്‍ച്ചിംഗ് വിഷയങ്ങളിലെല്ലാം ഏറെ സെര്‍ച്ചിംഗ് താല്‍പ്പര്യം ഇന്ത്യക്കാർ കാണിച്ചു തുടങ്ങിയിരിക്കുന്നത്.

കശ്മീരിലെ പ്രോപ്പര്‍ട്ടി വില എന്നത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ദില്ലിയില്‍ നിന്നുള്ളവരാണ്. രണ്ടാമത് ഹരിയാനക്കാരാണ്. മഹാരാഷ്ട്രക്കാരാണ് മൂന്നാമത്. ഉത്തര്‍ പ്രദേശ് നാലാം സ്ഥാനത്താണ്.

കശ്മീരിലെ ഭൂമി വില എന്നത് ഏറ്റവും കൂടുതല്‍ തിരഞ്ഞതാവട്ടെ ഹരിയാനക്കാരാണ്. രണ്ടാമത് ഡല്‍ഹി. തെലങ്കാന മൂന്നും മഹാരാഷ്ട്രയും കര്‍ണ്ണാടകയും നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്.

കശ്മീരില്‍ ഭൂമി വാങ്ങാം എന്നത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഡല്‍ഹിക്കാരാണ്. ഈ പട്ടികയിലാവട്ടെ പതിനാലാം സ്ഥാനത്ത് കേരളവും ഇടം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *