കശ്മീർ:
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ മുഖ്യമന്ത്രി നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒമർ അബ്ദുല്ല സൂചിപ്പിച്ചു.
ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാക്കളായ സജ്ജദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരെയും അറസ്റ്റു ചെയ്തു. കൂടുതൽ അറസ്റ്റുണ്ടെന്നു വ്യക്തമാക്കിയ അധികൃതർ എന്നാൽ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ തയാറായില്ല. കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദ്, സി.പി.എം. എം.എൽ.എ. മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരും വീട്ടുതടങ്കലിലാണെന്ന സൂചനയുണ്ട്.
ബിൽ സംസ്ഥാനത്തെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെനന്നായിരുന്നു ഒമർ അബ്ദുള്ള പറഞ്ഞത്. ഏകപക്ഷീയവും ഞെട്ടിക്കുന്നതുമായ തീരുമാനമാണ് കേന്ദ്രത്തിന്റേത്. ഈ തീരുമാനം ദൂരവ്യാപകവും അപകടകരവുമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947 ല്‍ ഇന്ത്യയോടൊപ്പം നില്‍ക്കാനുള്ള ജമ്മു കശ്മീരിലെ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണെന്ന് പി. ഡി. പി. നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കശ്മീരിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും മുഫ്തി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.