Sat. Apr 27th, 2024
#ദിനസരികള്‍ 839

നിയമപരമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള തെമ്മാടികളുടെ കൂട്ടമാണ് പോലീസെന്ന് ഓമര്‍ ഖാലിദിയെ വായിച്ചിട്ടുള്ളവര്‍ അഭിപ്രായപ്പെട്ടേക്കാം. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ തരത്തിലുള്ള ആശങ്കയെ ശരിവെയ്ക്കുന്ന തരത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്ന കൊലയാളിയായ ഐ. എ. എസ്. ഓഫീസറെ സംരക്ഷിക്കാന്‍ വേണ്ടി കേരള പോലീസിലെ ചില ഉന്നതന്മാര്‍ കോപ്പുകൂട്ടുന്നത്. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെക്കുറിച്ച് അവര്‍ക്ക് ആവലാതികളൊന്നുമില്ല. എന്നാല്‍ ഐ. എ. എസിന്റെ തിളക്കം മങ്ങുന്നത് സഹിച്ചുകൂട. മരിച്ചവന്‍ മരിച്ചു എന്ന രീതിയിലാണ് കാര്യങ്ങളെ അക്കൂട്ടര്‍ കാണുന്നത്. അതുകൊണ്ടു തന്നെ അയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തെ ഞെട്ടിച്ച അപകടമുണ്ടായ ആ നിമിഷം മുതല്‍ കൊണ്ടു പിടിച്ചു നടന്നുവരുന്നു.

പോലീസിന്റെ ഭാഗത്തു നിന്നും ഏറ്റവും പ്രധാനപ്പെട്ട വീഴ്ചയുണ്ടായത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോയെന്ന പരിശോധന നടത്തുന്ന തിലാണ്.അത്തരം സന്ദര്‍ഭങ്ങളില്‍ പ്രതി നിഷേധിക്കുന്നുവെങ്കില്‍ക്കൂടി ബലമുപയോഗിച്ചു തന്നെ പോലീസിന് രക്തപരിശോധന നടത്താവുന്നതാണ്. മദ്യസാന്നിധ്യം ഡോക്ടര്‍ തന്നെ സംശയിച്ച സാഹചര്യത്തില്‍‌പ്പോലും അത്തരമൊരു പരിശോധനക്ക് പോലീസ് തുനിയാതിരുന്നത് വലിയ വീഴ്ചയാണെന്ന് പറയാതെ. കാരണക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും നീതി നിഷേധിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ പോലീസ് സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപങ്ങള്‍ക്കും ഒടുവിലാണ് ഒമ്പതുമണിക്കൂറിനു ശേഷം അയാളുടെ രക്തം പരിശോധിക്കാന്‍ പോലീസ് തയ്യാറായത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്ന നീക്കമായിരുന്നു അത്. എന്നു മാത്രവുമല്ല രക്ത സാമ്പിള്‍ പരിശോധിച്ചതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. എല്ലാം തന്നെ മാധ്യമസൃഷ്ടികളാണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നുമുള്ള അവകാശവാദവുമായി ശ്രീറാം രംഗത്തെത്തിയിട്ടുമുണ്ട്. തന്റെ കൂടെ സഞ്ചരിച്ച സുഹൃത്താണ് വാഹനമോടിച്ചതെന്ന് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ അയാള്‍ അവകാശപ്പെട്ട കാര്യം നാം മറന്നുകൂട. കുടിലബുദ്ധിക്കാരനായ കുറ്റവാളിയെ പുറത്തുകൊണ്ടുവന്ന ഒരു പ്രസ്താവനയായിരുന്നു അത്.

ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ സുഖവാസമൊരുക്കി പ്രതിയെ കുടിയിരുത്തുകയാണ് പിന്നീട് പോലീസ് ചെയ്തത്. തനിക്കും ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ശ്രീറാം അറിയിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിവാസമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ റിമാന്റിലായ പ്രതിയെ പരിശോധിച്ച ഡോക്ടര്‍ മജിസ്ട്രേറ്റിന് കൊടുത്ത റിപ്പോര്‍ട്ടില്‍ ആശുപത്രിയില്‍ കിടത്തേണ്ടതായ അസുഖങ്ങളൊന്നുമില്ലെന്നാണ് എഴുതിയിരിക്കുന്നത്. അതനുസരിച്ച് ഞായറാഴ്ച് വൈകീട്ടോടെ പ്രതിയെ ജയിലിലേക്കയക്കാന്‍ മജിസ്ട്രേറ്റ് എസ്. ആര്‍. അമല്‍ ഉത്തരവിട്ടു. ഗത്യന്തരമില്ലാതെ പോലീസ് അയാളെയും കൂട്ടി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് എത്തിയെങ്കിലും അധികാരികള്‍ അവിടെ മറ്റൊരു നാടകം സംവിധാനം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ജയില്‍ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് ശ്രീറാമിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി വീണ്ടും ആശുപത്രിയിലേക്ക് മാറ്റുക എന്നതായിരുന്നു ആ നാടകം. അങ്ങനെത്തന്നെ ഡോക്ടറുടെ നിര്‍‌ദ്ദേശമനുസരിച്ച് ജയിലില്‍ പ്രവേശിപ്പിക്കാതെ അയാളെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.

എത്ര കൃത്യവും വ്യക്തവുമായാണ് നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍തന്നെ അത് അട്ടിമറിക്കുന്നതെന്ന് നോക്കുക. സംഭവം കണ്ടുനിന്ന ദൃക്സാക്ഷികളേയും നാട്ടുകാരേയും മാധ്യമങ്ങളുമടക്കം എല്ലാവരേയും വിഡ്ഢികളാക്കിക്കൊണ്ട് ശ്രീറാം ഈ കേസില്‍ ഒരു മണിക്കൂറുപോലും ശിക്ഷ അനുഭവിക്കാതെ ഊരിപ്പോകുമെന്ന വിധത്തിലായിട്ടുണ്ട് ഇപ്പോള്‍ കാര്യങ്ങള്‍.

മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് ഈ വിഷയത്തില്‍ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും നിയമരംഗത്തും രാഷ്ട്രീയമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അമ്പരപ്പൊക്കെ കുടഞ്ഞുമാറ്റി ശ്രീറാമിനെ സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങുന്നുവെന്നതാണ്. കൊല്ലപ്പെട്ടവനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലെങ്കിലും കൊന്നവന്‍ രക്ഷപ്പെടണമെന്ന് അക്കൂട്ടര്‍ വ്യഗ്രതപ്പെടുന്നു. ബി. ജെ. പിയുടെ കാസര്‍‌കോടു ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീകാന്ത് ശ്രീറാമിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. അതുപോലെ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ശ്രീറാം സിന്ദാബാദ് വിളികളുമായി നിരത്തിലിറങ്ങിയിട്ടുണ്ട്. ആളൂര്‍ വക്കീലന്മാരും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ശ്രീറാമിനെ രക്ഷിച്ചെടുക്കാനുള്ള സജീവ നീക്കങ്ങള്‍ തകൃതിയായി നടത്തുന്നു. എന്തൊക്കെ ന്യായീകരണങ്ങളാണ് അവര്‍ നടത്തുന്നതെന്ന് അറിയുമ്പോള്‍ ഇവരും മനുഷ്യര്‍ തന്നെയോ എന്ന് നാം അത്ഭുതപ്പെട്ടുപോകും!

ഇനി പ്രതീക്ഷ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലാണ്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ കേരളം വിശ്വസിക്കുന്നു. തന്റെ മുന്നിലെത്തുന്ന രേഖകളുടെ അടിസ്ഥാനത്തില്‍  മാത്രമേ ഏതൊരു മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാന്‍ കഴിയൂ എന്നിരിക്കേ പോലീസ് കെട്ടിപ്പടച്ചുണ്ടാക്കിയ വ്യാജരേഖകളെ ആശ്രയിക്കുക എന്ന ഗതികേടുതന്നെയാണ് പിണറായിയേയും കാത്തിരിക്കുന്നതെങ്കിലും കേസിന്റെ തുടക്കം മുതല്‍ തന്നെ വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥന്മാരേയും മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടുളള ഇടപെടലുകളുണ്ടാകുന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *