എറണാകുളം:
കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടർ ഓഫ് ലൈഫ് എന്ന ഈ പദ്ധതി തുടങ്ങുന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിതന്നെ പദ്ധതിയുടെ ലോഗോയും പ്രകാശനം ചെയ്തു.
അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നതാണ് മുലപ്പാൽ ബാങ്കുകൾ. പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കൾക്കും, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾക്കും, ചികിത്സയിലുള്ള കുട്ടികൾക്കും ഇത് വഴി മുലപ്പാൽ ലഭ്യമാക്കാനാകും.
നിലവിൽ, ഏഴ് മുലപ്പാൽ ബാങ്കുകളാണ് രാജ്യത്ത് ഉള്ളത്. കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്കാണ് എറണാകുളം ജനറൽ ആശുപത്രിയിൽ തുടങ്ങുന്നത്. ബാങ്കിലേക്ക് ആവശ്യമായ ഞ്ഞമിഞ്ഞ പാൽ പ്രസവ സമയത്തും വാക്സിനേഷനായി വരുമ്പോഴും അമ്മമാരിൽ നിന്ന് സ്വീകരിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന മുലപ്പാൽ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് സൂക്ഷിക്കും. ആറ് മാസം വരെ പാൽ കേടാകില്ല. ഏറെ വൈകാതെ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ഈ പദ്ധതി തുടങ്ങുവാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.