Sat. Apr 20th, 2024
മുംബൈ:

ശ്രീലങ്കന്‍ മുന്‍ നായകനും പ്രശസ്ത ക്രിക്കറ്ററുമായ മഹേല ജയവര്‍ധനെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാകാന്‍ തൽക്കാലം താല്പര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ബി.സി.സി.ഐ.ക്ക് അപേക്ഷ നൽകിയെന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഇംഗ്ലണ്ട് ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജയവര്‍ധനെ, മുൻ വർഷത്തെ ഐ.പി.എൽ. കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിതന്നെ തുടരുകയാണ്.

ഇതുവരെ രണ്ടായിരത്തിലധികം അപേക്ഷകളാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചുവെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ ഓസീസ് താരം ടോം മൂഡി, ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസ്സന്‍, ഇന്ത്യന്‍ താരങ്ങളായിരുന്ന റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്‌പുത് മുതലായവരും അപേക്ഷകരിലുണ്ട്. ഫീല്‍ഡിംഗ് പരിശീലകനാവാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ് ഈ പരിശീലക പട്ടികയിലുണ്ട്.

ടീം നായകൻ വിരാട് കോഹ്‌ലിയുടെ ആഗ്രഹം, രവി ശാസ്ത്രിതന്നെ പരിശീലകനായി തുടരണമെന്നുള്ളതാണ്. കോഹ്‌ലിയുടെ അഭിപ്രായം ടീം കൊച്ചിനെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം, മുൻ ഇന്ത്യൻ താരവും നായകനുമായിരുന്ന ഗാംഗുലി രംഗത്ത് വന്നിരുന്നു. നിലവിൽ, പരിശീലകരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗമായ ഇതിഹാസ താരം കപിൽ ദേവും ഈ അഭിപ്രായം ശരി വച്ചിട്ടുണ്ട്. കപിലിനു പുറമെ, മുന്‍ ഇന്ത്യന്‍ താരങ്ങളായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുക.

വെസ്റ്റ് ഇന്‍ഡ‍ീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെയാണ് നിലവിലെ പരിശീലകരുടെ കാലാവധി. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *