Wed. Jan 22nd, 2025
ന്യൂഡല്‍ഹി :

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട്. ഹിന്ദു മുസ്ലിം വിഭാഗങ്ങളെ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനായില്ലെന്നും സമിതി വ്യക്തമാക്കി.മധ്യസ്ഥ സമിതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് പരിഗണിക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അയോധ്യ മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക. കേസില്‍ ദിനംപ്രതി വാദം കേള്‍ക്കുന്നതിനുള്ള തീയതിയും കോടതി തീരുമാനിക്കും.

അയോധ്യയിലെ രാമജന്മഭൂമി ബാബറി മസ്ജിദ് സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് രമ്യമായ പരിഹാരം തേടി സുപ്രിംകോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. സുപ്രിംകോടതി മുന്‍ ജഡ്ജി എഫ്എംഐ ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ സുപ്രിംകോടതി അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിരാണ് അംഗങ്ങളായിട്ടുള്ളത്. ജൂലൈ 18 നാണ് കോടതി സമിതിയെ നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *