തൃശൂര്‍:
ചാവക്കാട് കൊലപാതകത്തില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ സുരേന്ദ്രന്‍. ഇവരെല്ലാം എസ്.ഡി.പി.ഐ. ബന്ധമുളളവരാണെന്നും ഡി.ഐ.ജി. വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ചാവക്കാട്, ഗുരുവായൂര്‍ മേഖലകളിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുളള 20 പേരില്‍ നാലു പേര്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 6 മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടാക്കിയവരും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തുവരികയാണെന്നും ഡി.ഐ.ജി എസ് സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിനായി 10 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചാവക്കാട് കേസില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കില്‍ വധഭീഷണി ഉണ്ടായിട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം ഗൗരവത്തോടെ എടുത്തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഭിമന്യൂ കേസിന്റെ ഗതി ഈ കേസിനും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ചൊവ്വ വൈകിട്ട് 6.30നാണ് 7 ബൈക്കുകളിലെത്തിയ 15 അംഗ സംഘം പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് ഉള്‍പ്പെടെ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. നൗഷാദ് ബുധനാഴ്ച രാവിലെ തൃശ്ശൂരിലെ ആശുപത്രിയില്‍ മരിച്ചത്. പുന്ന സെന്ററില്‍ നിന്നിരുന്ന നൗഷാദ് അടക്കമുള്ളവരെ വാള്‍, വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയവയുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ ചിലര്‍ മുഖംമൂടി ഉപയോഗിച്ചിരുന്നതായും പറയുന്നു. വെട്ടേറ്റ 4 പേരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാവീട് സ്വദേശി തെക്കെപ്പുരക്കല്‍ ബിജേഷ്(40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ ചികിത്സയിലാണ്. ബിജേഷിന്റെ പരുക്കു സാരമുള്ളതാണ്. ബിജേഷും സുരേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.പരിക്കേറ്റ മറ്റുമൂന്നുപേരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
വെട്ടേറ്റവര്‍ പുന്ന സെന്ററില്‍ നില്‍ക്കുമ്പോള്‍ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.പ്രദേശത്ത് നിന്ന് കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ നടന്ന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.