ഓസ്ലോ:
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമത്തിൽ നോര്‍വെയിലെ സ്വാല്‍ബാഡില്‍, ഇരുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇത്രയും റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം കാലാവസ്ഥ വ്യതിയാനമെന്ന റിപ്പോർട്ടിനെ ശരിവച്ചു ഗവേഷകർ.
അപൂര്‍വ ജീവിവര്‍ഗമായ, ഉത്തരധ്രുവത്തിലെ കലമാൻ വിഭാഗത്തിൽപ്പെട്ട റെയിന്‍ഡിയറുകളാണ് കൂട്ടത്തോടെ ചത്തൊടിങ്ങിയത്. ഇത്രയും റെയിന്‍ ഡിയറുകളെ ചത്തനിലയില്‍ കണ്ടെത്തിയത് ഭീതിയുണ്ടാക്കിയെന്നും കാലാവസ്ഥയിലെ മാറ്റങ്ങള്‍ എങ്ങനെ പ്രകൃതിയെ ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിതെന്നും നോര്‍വീയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക ആഷ്‌ലിദ് ഓന്‍വിക് പെഡേഴ്‌സണ്‍ അറിയിച്ചു.
ഡിസംബര്‍ മാസത്തില്‍ സ്വാല്‍ബാര്‍ഡില്‍ പെയ്ത കനത്ത മഴയെതുടര്‍ന്ന്, റെയിന്‍ഡിയറുകള്‍ക്ക് ഭക്ഷണം കണ്ടെത്തല്‍ പ്രയാസമായി. ഇതാണ് കൂട്ടമരണത്തിനിടയാക്കിയതെന്നും ഗവേഷക പറയുന്നു. ചെറിയ കാലാവസ്ഥ വ്യതിയാനം വന്യമൃഗങ്ങളെ വലിയരീതിയില്‍ ബാധിക്കുമെന്നതിന്റെ സൂചയാണ് ഈ സംഭവമെന്നും അവര്‍ അഭിപ്രായപ്പെട്ടു.