കൊച്ചി :
മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ട പരീക്ഷണം തൃപ്തികരമെന്ന് കെ.എം.ആര്‍.എല്‍. ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന്, കൂട്ടിച്ചേർത്തു. സെപ്റ്റംബറിലാണ്, ഇനി മൂന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നത്. പാളങ്ങളുടെ ആദ്യഘട്ട പരിശോധന, ബുധനാഴ്ച രാവിലെ ഏഴിന്, മഹാരാജാസ് സ്റ്റേഷനില്‍നിന്ന് ആരംഭിക്കുകയായിരുന്നു. അനുവദിച്ചിട്ടുണ്ടായിരുന്ന പരമാവധി ഭാരത്തിന് തുല്യമായ അളവില്‍ മണല്‍ച്ചാക്ക് നിറച്ചുവച്ചാണ് ട്രെയിന്‍ ചലിപ്പിച്ചത്. ഡി.എം.ആര്‍.സി.യുടെയും കെ.എം.ആര്‍.എല്ലിന്‍റെയും സാങ്കേതിക വിദഗ്ധരുടെ കീഴിലായിരുന്നു പരിശോധന.
ജൂലൈ ഇരുപത്തിയൊന്നാം തിയതി കടവന്ത്ര വരെ പരീക്ഷണയോട്ടം നടത്താന്‍ തീരുമാനിച്ചുവെങ്കിലും സൗത്ത് റയില്‍വെ ലൈനിന് മുകളിലെ പാതയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. വൈറ്റില ജംഗ്‌ഷന് മുകളിലൂടെയായിരുന്നു ഇന്ന് മെട്രോ ഓടിയത്. രാവിലെ ഏഴേമുക്കാലിന് ട്രെയിന്‍ വൈറ്റില ജംഗ്‌ഷനിലെത്തി. തൈക്കൂടം സ്റ്റേഷനില്‍ അരമണിക്കൂറിലധികം നിര്‍ത്തിയിട്ട് പരിശോധന നടത്തിയശേഷം ട്രെയിന്‍ തിരികെ എളംകുളം സ്റ്റേഷനിലേക്ക് വന്നു.
എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനുകളായിരിക്കും മൂന്നാംഘട്ടത്തിനായി തുറന്നു കൊടുക്കുക. സിഗ്‌നലിങുകൾ കൃത്യമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇനി, ഒന്നര മാസത്തിനുള്ളില്‍, പരിശോധനകള്‍ക്കൊപ്പം സ്റ്റേഷനുകളുടെ പണികളും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്‍. വ്യക്തമാക്കി.