കൊല്‍ക്കത്ത:
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ, പുതിയ പരിശീലകന്റെ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ അഭിപ്രായങ്ങൾക്കു പിന്തുണയുമായി ഗാംഗുലി. പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ടീം നായകൻറെ അഭിപ്രായം പ്രധാനപെട്ടതെന്നാണ് ഗാംഗുലി പറയുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍, ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുമെങ്കിൽ സന്തോഷമെന്ന് കൊഹ്‌ലി പ്രസ്താവിച്ചിരുന്നു.
എന്നാൽ, പരിശീലകനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയിലെ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് കൊഹ്‌ലിയുടെ അഭിപ്രായം ഇതിൽ പരിഗണിക്കുന്നില്ലെന്ന് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന്, ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദാ തന്നെ, കൊഹ്‌ലിയെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നു. കൊഹ്‌ലി നായകനാണ് ആയതിനാൽ തന്നെ, പരിശീലകൻ ആരാവണമെന്ന് അദ്ദേഹത്തിന് പറയാൻ അവകാശമുണ്ട്.
കപില്‍ ദേവ്, ഗെയ്‌ക്‌വാദ് , ശാന്താ രംഗസ്വാമി എന്നിവരുൾപ്പെട്ട ഉപദേശക സമിതിയായിരിക്കും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയവരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുക. മുമ്പ്, ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി, ഗ്രെഗ് ചാപ്പലിനെ ഇന്ത്യന്‍ പരിശീലകനാക്കണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, പിന്നീട് അതേ ചാപ്പല്‍ തന്നെ ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ നടപടികളെടുത്തിരുന്നു.