മുംബൈ:
ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറും ഭാവി വാഗ്ദാനവുമായി കരുതപ്പെടുന്ന പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തിയതിനെ തുടർന്ന്, ഉത്തേജക മരുന്ന് പരിശോധനയില്‍ യുവ താരം പരാജയപ്പെടുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയിരുന്ന ടെര്‍ബറ്റലൈനിന്റെ അംശമായിരുന്നു കുഴപ്പമുണ്ടാക്കിയത്.
2019ൽ ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 15 വരെയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലമത്രയും പൃഥ്വി ഷാ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കേണ്ടിവരും.
ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതായിരിക്കും പ്രശ്‌നമായതെന്ന്, പൃഥ്വി നേരെത്തെ അറിയിച്ചിരുന്നു. ബി.സി.സി.ഐ. ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. താരത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. നിലവിൽ, പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലാത്തതിനാൽ , താരത്തെ വിന്‍ഡീസ് പര്യടനത്തിലുള്ള ടീമില്‍ നിന്ന് മാറ്റിയിരുന്നു.